ഡൽഹി : പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയർത്തി കേന്ദ്രം. വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് നിലവിലുള്ളതിനേക്കാൾ പത്തിരട്ടി ഉയർത്തിയതായി കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ കാലപ്പഴക്കവും കാറ്റഗറിയും പരിഗണിച്ചായിരിക്കും ഫിറ്റ്‌നസ് ചാർജ് ഈടാക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ചയാണ് കേന്ദ്രം പുറത്തിറക്കിയത്. മുമ്പ് 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കായിരുന്നു ഉയർന്ന നിരക്ക് ചുമത്തിയിരുന്നതെങ്കിൽ പുതിയ നിർദേശം അനുസരിച്ച് 10 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയർന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ കാലപ്പഴക്കത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് തരങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഉയർത്തിയിരിക്കുന്നത്. 10 മുതൽ 15 വർഷം, 15 മുതൽ 20 വർഷം, 20 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികൾ. മോട്ടോർസൈക്കിൾ, മൂന്ന് ചക്രവാഹനങ്ങൾ, എൽഎംവി, മീഡിയം- ഹെവി വാഹനങ്ങൾ എന്നിവയ്ക്കും പുതിയ ഭേദഗതി ബാധകമാകും. വാഹനത്തിന്റെ പഴക്കമനുസരിച്ച് ഫീ ഈടാക്കാനാണ് തീരുമാനം.
15 വർഷം വരെയ്ക്കും പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിൽ മോട്ടോർസൈക്കിളിന് 400 രൂപയും മൂന്ന് ചക്രവാഹനങ്ങൾക്കും എൽഎംവിക്കും 600 രൂപയുമായിരിക്കും. മീഡിയം- ഹെവി വാഹനങ്ങൾക്ക് 1000 രൂപയുമാണ് പുതുക്കിയ ഫിറ്റ്‌നസ് ടെസ്റ്റ് ഫീ.
15 മുതൽ 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങളിൽ മോട്ടോർസൈക്കിളുകൾക്ക് 500 രൂപയും മൂന്ന് ചക്രവാഹനങ്ങൾക്ക് 1000 രൂപയും മീഡിയം വാഹനങ്ങൾക്ക് 1300 രൂപയുമാണ് ഫീ ഈടാക്കുക. ഹെവി വാഹനങ്ങൾക്ക് 1500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.
20 വർഷത്തിലേറെയുള്ള വാഹനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഫീ ഈടാക്കിക്കൊണ്ട് ഭേദഗതിയിലുള്ളത്. ഇത്രയും പഴക്കമുള്ള വാഹനങ്ങളിൽ മോട്ടോർസൈക്കിളുകൾക്ക് 1000 രൂപയും മൂന്ന് ചക്രവാഹനങ്ങൾക്കും എൽഎംവിക്കും 2000 രൂപയും മീഡിയം ചരക്കുവാഹനങ്ങൾക്ക് 2600 രൂപയുമായിരിക്കും ഫിറ്റ്‌നസ് ടെസ്റ്റ് ഫീ. ഹെവി വാഹനങ്ങൾക്ക് 3000 രൂപയും ഈടാക്കും.









