പാകിസ്ഥാനിലെ ഇസ്ലാമാബാദ് കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും പഴിചാരി പാകിസ്ഥാൻ. പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച പാകിസ്ഥാൻ തലസ്ഥാനത്തെ ജില്ലാ കോടതിയുടെ കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സാധാരണയായി ധാരാളം ആളുകൾ തിങ്ങിനിറയുന്ന സ്ഥലമാണിത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മാധ്യമപ്രവർത്തകരെ അറിയിച്ചു. ഒരു “ചാവേർ” കോടതിയുടെ ഗേറ്റിന് പുറത്ത് പോലീസ് വാഹനത്തിന് സമീപം സ്ഫോടകവസ്തുക്കൾ പൊട്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണം നടത്തിയയാൾ “കോടതി വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വന്നതോടെ ഒരു പോലീസ് വാഹനത്തെ ലക്ഷ്യമിടുകയായിരുന്നു” എന്നും മന്ത്രി പറഞ്ഞു. സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണെന്ന് പാകിസ്ഥാൻ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.













