ഇസ്ലാമാബാദിലെ പാകിസ്ഥാൻ സുപ്രീം കോടതിയുടെ കാന്റീനിൽ (കഫറ്റീരിയ) ചൊവ്വാഴ്ച പുലർച്ചെ സ്ഫോടനമുണ്ടായി, നിരവധി പേർക്ക് പരിക്കേറ്റു. പ്രാഥമിക നിഗമനമനുസരിച്ച് കെട്ടിടത്തിന്റെ ബേസ്മെന്റിലുള്ള കാന്റീനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 12-ഓളം പേർക്കാണ് പരിക്കേറ്റത്.
കോടതി കാന്റീനിൽ ഒരു എയർ കണ്ടീഷനിംഗ് യൂണിറ്റ് നന്നാക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് അധികൃതർ അറിയിച്ചു. കുറച്ച് ദിവസങ്ങളായി കാന്റീനിൽ ഗ്യാസ് ചോർച്ചയുണ്ടായിരുന്നുവെന്നും, എസി നന്നാക്കുന്ന ടെക്നീഷ്യൻമാർക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേറ്റതെന്നും ഐജി ചൂണ്ടിക്കാട്ടി. ഒരു ടെക്നീഷ്യന്റെ ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റ നിലയിലാണ്.
സ്ഫോടനത്തെ തുടർന്ന് ഏകദേശം 15 പേരെ ആശുപത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിൽ മൂന്ന് പേരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും (പിംസ്) ഒമ്പത് പേരെ പോളിക്ലിനിക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെത്തുടർന്ന് അഭിഭാഷകരെയും കോടതി ഉദ്യോഗസ്ഥരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച് പുറത്തെ തുറസ്സായ സ്ഥലത്തേക്ക് മാറ്റി. ബോംബ് നിർമാർജന സ്ക്വാഡ് ബാധിത പ്രദേശത്ത് പരിശോധന നടത്തി. കാന്റീനിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും സ്ഫോടനത്തിന്റെ ആഘാതം കോടതി സമുച്ചയത്തിന്റെ താഴത്തെ നിലകളിൽ മുഴുവൻ അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.










