ഡൽഹി : ഡൽഹിയിലെ റെഡ് ഫോർട്ടിനടുത്ത് നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവരെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഭൂട്ടാനിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആശുപത്രിയിൽ നേരിട്ടെത്തി പരിക്കേറ്റവരുമായി സംസാരിച്ച അദ്ദേഹം, അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.
ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ സമയത്ത് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള ഐ20 കാറാണ് പൊട്ടിത്തെറിച്ചത്. ഈ സംഭവത്തെ തുടർന്ന് തലസ്ഥാനത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഗൂഢാലോചനക്കാർ ശിക്ഷിക്കപ്പെടുമെന്നും അവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏജൻസികളുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും, ഗൂഢാലോചനയുടെ അടിവേരുകൾ കണ്ടെത്താൻ ഏജൻസികൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് രാജ്യത്തിന് ഉറപ്പുനൽകിയ ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങിയത്.












