തിരുവനന്തപുരം: ഗുരുതര ലൈംഗികാതിക്രമ കേസിൽ പ്രതിയായി ഒളിവിലുള്ള യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ തേടി പൊലീസ് തീവ്രയാനം തുടരുന്നു. പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിൽ അന്വേഷണസംഘം പരിശോധന നടത്തി. തെളിവെടുപ്പിനായി എഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി. രാഹുലിന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും പൊലീസ് കർശന നിരീക്ഷണത്തിലാണ്. രാഹുൽ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുന്നുവെന്ന സംശയത്തെ തുടർന്ന് തമിഴ്നാട്ടിലും പ്രത്യേക സംഘം വ്യാപക പരിശോധന നടത്തുന്നുണ്ട്.
അതേസമയം, ഗർഭഛിദ്രത്തിന് ഡോക്ടറുടെ മാർഗനിർദേശമില്ലാതെ ജീവന് അപകടമുണ്ടാക്കാവുന്ന മരുന്നുകൾ നൽകിയെന്ന് അതിജീവിത പൊലീസിന് മൊഴി നൽകി. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് കൈമാറിയത്. ട്യൂബൽ പ്രഗ്നൻസി ആയിരുന്നെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകിയതായി യുവതി വെളിപ്പെടുത്തി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമുണ്ടായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ഇതിന്റെ മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറി.
രാഹുൽ ഇതുവരെ ഫോണിലൂടെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അന്വേഷണസംഘം പാലക്കാട് ജില്ലാ പൊലീസുമായി ചേർന്ന് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തിയ എഫ്ഐആർ പുറത്തുവന്നതോടെ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.













