ബിഷ്കെക് (കിർഗിസ്ഥാൻ): യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവെച്ച സമാധാന നിർദേശം ഭാവി കരാറുകൾക്കുള്ള അടിസ്ഥാനമായി ഉപയോഗിക്കാമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. എന്നാൽ, കീവ് ഉടനടി തങ്ങളുടെ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ പ്രദേശങ്ങൾ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്നും അദ്ദേഹം കടുത്ത ഭീഷണി മുഴക്കി. കിർഗിസ്ഥാനിലെ തലസ്ഥാനമായ ബിഷ്കെക്കിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുടിൻ.
യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അടുത്ത ആഴ്ച ആദ്യം മോസ്കോയിലെത്തുമെന്ന് ക്രെംലിൻ പ്രതീക്ഷിക്കുന്നുവെന്ന് പുടിൻ സ്ഥിരീകരിച്ചു. “ഞങ്ങൾ ഗൗരവമുള്ള ചർച്ചകൾക്ക് തയ്യാറാണ്,” അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, പുടിൻ തന്റെ പഴയ കർക്കശ നിലപാടുകൾ ആവർത്തിച്ചതോടെ അടുത്ത ദിവസങ്ങളിൽ തന്നെ വലിയ മുന്നേറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്.
“യുക്രെയ്നിന്റെ സൈന്യം റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങിയാൽ മാത്രമേ യുദ്ധം അവസാനിക്കൂ. അല്ലെങ്കിൽ ഞങ്ങൾ അത് സൈനികശക്തി ഉപയോഗിച്ച് നേടിയെടുക്കും,” പുടിൻ തുറന്നടിച്ചു.
അതേസമയം, യുഎസ് ഉദ്യോഗസ്ഥരുമായി ജനീവയിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും പ്രതികരിച്ചു. ഈ ആഴ്ച അവസാനത്തോടെ തന്റെ പ്രതിനിധി സംഘം ചർച്ച നടത്തുമെന്നും അടുത്ത ആഴ്ച തനിക്ക് വ്യക്തിപരമായി പ്രധാന കൂടിക്കാഴ്ചകളുണ്ടാകുമെന്നും സെലെൻസ്കി തന്റെ രാത്രി വീഡിയോ സന്ദേശത്തിൽ അറിയിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.













