ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ, അശാസ്ത്രീയമായ ഭ്രൂണഹത്യ നടന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. രാഹുൽ നിർബന്ധിച്ച് കഴിപ്പിച്ച മരുന്നുകൾ യുവതിയുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. യുവതിയുടെ മൊഴിയും മെഡിക്കൽ രേഖകളും ഇത് സാധൂകരിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
രാഹുൽ സുഹൃത്തായ ജോബി വഴി എത്തിച്ചുനൽകിയ മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ മരുന്നുകളാണ് യുവതിയെ നിർബന്ധിച്ച് കഴിപ്പിച്ചത്. ഡോക്ടറുടെ നിർദ്ദേശമോ സാന്നിധ്യമോ ഇല്ലാതെ, ഏകദേശം മൂന്ന് മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കാൻ ശ്രമിച്ചത് യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാക്കി. മരുന്ന് കഴിച്ചതിനെ തുടർന്ന് അമിത രക്തസ്രാവമുണ്ടായ യുവതി ചികിത്സ തേടിയിരുന്നു. ട്യൂബൽ പ്രെഗ്നൻസിയായിരുന്നുവെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാമായിരുന്നു എന്ന് ഡോക്ടർ ശകാരിച്ചതായി യുവതിയുടെ മൊഴിയിൽ പറയുന്നു.
ഭ്രൂണഹത്യക്ക് ശേഷം മാനസികമായി തകർന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഐ.സി.യുവിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന്റെ മെഡിക്കൽ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിവാഹബന്ധം തകർന്നപ്പോൾ ആശ്വസിപ്പിക്കാനായി നിരന്തരം വിളിച്ച് അടുപ്പം സ്ഥാപിച്ച രാഹുൽ, ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സൗഹൃദം പ്രണയമാക്കിയെന്നും, തുടർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നും യുവതി മൊഴി നൽകി. കൂടാതെ, നഗ്നദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഈ മൊഴികളെ സാധൂകരിക്കുന്ന നിർണായക തെളിവുകളും യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.













