തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെ ഹർജി കോടതി പരിഗണിക്കും. പരാതി പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ഹർജിയിലെ പ്രധാന വാദം. ഉഭയസമ്മതപരമായ ലൈംഗിക ബന്ധം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഗർഭിണിയാണെന്ന ആരോപണം തെറ്റാണെന്നും രാഹുൽ കോടതിയെ അറിയിച്ചു.
പരാതിക്കാരി ഫേസ്ബുക്കിലൂടെ ആദ്യം ബന്ധപ്പെട്ടതാണെന്നും ഗാർഹിക പീഡനത്തിന് ഇരയാണെന്ന് പറഞ്ഞ് സഹതാപം തോന്നിച്ചുവെന്നും ഹർജിയിൽ പറയുന്നു. ബന്ധത്തിന്റെ ഓരോ നിമിഷവും റെക്കോർഡ് ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ശബരിമല വിവാദം കത്തിനിൽക്കെ സർക്കാരിനെ രക്ഷിക്കാൻ പരാതി നൽകിയതാണെന്നും രാഹുൽ ആരോപിച്ചു. ഗർഭഛിദ്ര മരുന്ന് സ്വന്തം ഇഷ്ടപ്രകാരം കഴിച്ചതാണെന്നും ഗർഭധാരണത്തിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയതും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്ന് രാഹുൽ വാദിക്കുന്നു. അതേസമയം, ഗുരുതര വകുപ്പുകൾ ചുമത്തിയ എഫ്ഐആർ പുറത്തുവന്ന പശ്ചാത്തലത്തിൽ കോടതി ജാമ്യാപേക്ഷ അനുവദിക്കുമോ എന്നതിൽ ഏറെ ശ്രദ്ധയർപ്പിച്ചാണ് നിയമവൃത്തങ്ങൾ നോക്കിക്കാണുന്നത്.













