ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) ഈ നടപടി സ്വീകരിച്ചത്. ക്രിമിനൽ ഗൂഢാലോചന (IPC 120B), വഞ്ചന (IPC 420), ക്രിമിനൽ വിശ്വാസവഞ്ചന (IPC 406) തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൻ്റെ (AJL) സ്വത്തുക്കൾ വഞ്ചനാപരമായി കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. യങ് ഇന്ത്യൻ (YI) എന്ന കമ്പനി വഴിയാണ് ഈ ഏറ്റെടുക്കൽ നടന്നതെന്നാണ് കേസ്. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും 76% ഓഹരികളുള്ള കമ്പനിയാണ് യങ് ഇന്ത്യൻ. കോൺഗ്രസ് പാർട്ടി എ.ജെ.എല്ലിന് നൽകിയ 90 കോടി രൂപയുടെ വായ്പയുടെ മറവിൽ, 2,000 കോടി രൂപയോളം വിലമതിക്കുന്ന എ.ജെ.എല്ലിന്റെ ആസ്തികൾ വെറും 50 ലക്ഷം രൂപയ്ക്ക് യങ് ഇന്ത്യൻ സ്വന്തമാക്കാൻ ശ്രമിച്ചു എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഇ.ഡി ഈ കേസിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിക്കുകയും 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. നിലവിലെ എഫ്‌ഐആർ ഇ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന് കൂടുതൽ നിയമപരമായ പിൻബലം നൽകുന്നതിനാണ്. കേസ് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, ഗാന്ധി കുടുംബം പൊതു ആവശ്യങ്ങൾക്കായി അനുവദിച്ച ആസ്തികൾ വ്യക്തിപരമായ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നാണ് ഏജൻസികളുടെ പക്ഷം. ഈ കേസിൽ സാം പിത്രോഡ ഉൾപ്പെടെ മറ്റ് ചില വ്യക്തികളെയും കമ്പനികളെയും പ്രതികളാക്കിയിട്ടുണ്ട്.













