ഹ്യൂസ്റ്റന്‍: മിസൂറി സിറ്റിയുടെ മേയറായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജെ ഇലക്കാട്ട് വോട്ടർമാർക്ക് നന്ദി അറിയിച്ചു. മിസൂറി സിറ്റി കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലിൻ ക്ലൌസർ, സോണിയ ബ്രൌൺ മാർഷൽ, ഷാരിറ്റ എൽ തോംസൺ എന്നിവരും വോട്ടർമാർക്ക് നന്ദി അറിയിച്ചു. റോബിൻ്റെ വിജയത്തിനായി മലയാളി സമൂഹം മുഴുവൻ അകമഴിഞ്ഞ് പ്രവർത്തിച്ചിരുന്നു. ഒരു വോട്ടുപോലും പാഴാകാതിരിക്കാനും ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് മലയാളി സമൂഹം ബദ്ധശ്രദ്ധമായിരുന്നു. അതിനാൽ തന്നെ മികച്ച പോളിങ് നടക്കുകയും വോട്ടെണ്ണൽ വൈകുകയും ചെയ്തിരുന്നു.

മിസോറി സിറ്റിയുടെ മേയറായി മൂന്നാംവട്ടമാണ് മലയാളിയായ റോബിൻ ജെ. ഇലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ മൽസരത്തിൽ ജെഫ്രി ബോണിയെയാണ് തറപറ്റിച്ചത്. റോബിന് 55 ശതമാനം വോട്ട് ലഭിച്ചു. ബോണിക്ക് 45 ശതമാനവും.
ഒരു നഗരത്തിന്റെ വികസനത്തിനൊപ്പം ആത്മവിശ്വാസത്തോടെ രണ്ട് ടേമിൽ മുന്നേറിയ മേയർ റോബിൻ ഇലക്കാട്ട്, കേരളത്തിന്റെ മണ്ണിൽ നിന്നും പഠിച്ച രാഷ്ട്രീയപാഠമാണ് അദ്ദേഹത്തിന് മിസോറിയിലും വിജയ കിരീടം നൽകിയത്.
മേയറായതിന് ശേഷം പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിച്ചിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ നൽകിയും, പ്രോപ്പർട്ടി ടാക്സ് കുറച്ചതും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയതും സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു.











