14,000 കോടി രൂപയുടെ ലോക ബാങ്ക് ഫണ്ട് തിരഞ്ഞെടുപ്പിന് വഴിതിരിച്ചുവിട്ടു’: നിതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ പാർട്ടി

14,000 കോടി രൂപയുടെ ലോക ബാങ്ക് ഫണ്ട് തിരഞ്ഞെടുപ്പിന് വഴിതിരിച്ചുവിട്ടു’: നിതീഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിൻ്റെ പാർട്ടി

പട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാർ 14,000 കോടി രൂപയുടെ ലോക ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പ്രശാന്ത് കിഷോറിൻ്റെ ജനസൂരാജ് പാർട്ടി ആരോപിച്ചു. അരങ്ങേറ്റ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റ് പോലും നേടാൻ സാധിക്കാതെ പോയതിന് തൊട്ടടുത്ത ദിവസമാണ് ജനസൂരാജ് ദേശീയ അധ്യക്ഷൻ ഉദയ് സിംഗ് സർക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് വോട്ടർമാരെ ‘വാങ്ങാനായി’ നിതീഷ് കുമാർ സർക്കാർ ജൂൺ മാസം മുതൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ 40,000 കോടി രൂപ ചെലവഴിച്ചു എന്നാണ് ഉദയ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിൽ ലോക ബാങ്കിൽ നിന്ന് ലഭിച്ച 14,000 കോടി രൂപയുടെ വായ്പ, സൗജന്യങ്ങളും ആനുകൂല്യങ്ങളും നൽകാനായി വകമാറ്റി ചെലവഴിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

ബീഹാറിൽ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറ്റം ചെയ്യുന്ന ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’യെക്കുറിച്ചും ഉദയ് സിംഗ് പരാമർശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിട്ടും വോട്ടെടുപ്പിൻ്റെ തലേദിവസം വരെ ജനങ്ങൾക്ക് പണം ലഭിച്ച ആദ്യ സംഭവമായിരിക്കും ഇത്. കൈവശം പണമില്ലാത്ത സ്ത്രീകളെ സ്വാധീനിക്കാൻ ഇത് മതിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top