ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ വിദേശയാത്രകൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. അദ്ദേഹത്തിന്റെ യാത്രകളുടെ ഉദ്ദേശലക്ഷ്യങ്ങൾ, നടത്തിയ കൂടിക്കാഴ്ചകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിലുള്ളത്. ഇതിനായി അദ്ദേഹത്തിന്റെ പാസ്‌പോർട്ട് എസ്.ഐ.ടി. പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ പ്രധാന പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം വിദേശയാത്രകളിലേക്ക് വ്യാപിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ എസ്.ഐ.ടി. സംഘം രാത്രി വൈകിയും വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ 2016 മുതലുള്ള ആദായനികുതി വിവരങ്ങൾ അടക്കമുള്ള സുപ്രധാന രേഖകളും സാമ്പത്തിക ഇടപാടുകളുടെ പകർപ്പുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന തെളിവുകൾക്കായാണ് പരിശോധന നടന്നത്.
കേസിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെക്കുറിച്ചുള്ള പത്മകുമാറിന്റെ മൊഴികളും നിർണായകമാണ്. താൻ പ്രസിഡന്റാകുന്നതിന് മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു എന്ന് പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ബോർഡ് എടുത്ത എല്ലാ തീരുമാനങ്ങളും മറ്റ് അംഗങ്ങളുടെ അറിവോടെയായിരുന്നു എന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി ഉന്നത സ്വാധീനം ചെലുത്തിയ മറ്റുള്ളവരെയും അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്.













