പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്നത്.നട തുറന്ന ശേഷം ദീപം തെളിയിച്ച് അയ്യപ്പനെ യോഗനിദ്രയിൽ നിന്ന് ഉണർത്തി. തുടർന്ന് ഭക്തർക്ക് വിഭൂതി പ്രസാദമായി നൽകി. നിലവിലെ മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴിയിലേക്ക് അഗ്നി പകർന്നു.
തുടർന്ന്, ശബരിമലയിലെ പുതിയ മേൽശാന്തി പ്രസാദ് നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെയും മാലയിട്ട് പതിനെട്ടാം പടിയിലൂടെ ശ്രീകോവിലിനു മുന്നിലേക്ക് സ്വീകരിച്ചു. ഇതോടെ ഇനി ശരണമന്ത്രങ്ങളുടെ പുണ്യനാളുകളാണ്. മണ്ഡലകാല പൂജകൾക്കായി ഭക്തർ ഇനി സന്നിധാനത്തേക്ക് ഒഴുകിയെത്തും.













