ചെന്നൈ:മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (CSK) മാറുന്നു. സഞ്ജുവിന് പകരമായി ചെന്നൈയുടെ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് (RR) പോകും. ഈ കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായും, ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രേഡ് സംബന്ധിച്ച് മൂന്ന് താരങ്ങളും രണ്ട് ദിവസം മുമ്പ് ധാരാണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
ജഡേജ രാജസ്ഥാൻ നായകനാകും:
ഈ കൈമാറ്റത്തോടെ രവീന്ദ്ര ജഡേജ തൻ്റെ ആദ്യ ക്ലബ്ബായ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തും. സഞ്ജു സാംസണ് പകരക്കാരനായി ജഡേജ രാജസ്ഥാൻ റോയൽസിൻ്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. നായകസ്ഥാനം ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജഡേജയുടെ മടങ്ങി വരവ്.
നേരത്തെ സാം കറനെ ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. കറൻ്റെ പ്രതിഫലത്തുകയും വിദേശ താരങ്ങളുടെ ക്വാട്ടയുമായിരുന്നു പ്രധാന വെല്ലുവിളി. നിലവിൽ ചെന്നൈയിൽ 2.4 കോടി രൂപയാണ് സാം കറൻ്റെ പ്രതിഫലം. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. സാം കറനെ ഉൾപ്പെടുത്തുന്നതിനായി രാജസ്ഥാൻ നിലവിലുണ്ടായിരുന്ന വിദേശ താരങ്ങളായ മഹീഷ് തീക്ഷണയെയും വാനിന്ദു ഹസരങ്കയെയും ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാൻ റോയൽസിനെ നയിച്ചിരുന്നത്. എന്നാൽ, സഞ്ജു ടീം വിടുന്നതോടെ അടുത്ത നായകസ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാൻ ആദ്യ പരിഗണന നൽകുകയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ജഡേജ നായകസ്ഥാനം ഏറ്റെടുക്കുന്നതോടെ ഈ അഭ്യൂഹങ്ങൾക്ക് അവസാനമാകും.












