പോക്സോ കേസിൽ ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി

പോക്സോ കേസിൽ ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കർണാടക ഹൈക്കോടതി തള്ളി

ബെംഗ്ളൂരു : പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് തിരിച്ചടി. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. വിചാരണക്കോടതി കുറ്റപത്രം പരിഗണിച്ചതും സമൻസ് അയച്ചതുമായ ഉത്തരവ് ശരിവെച്ചാണ് കർണാടക ഹൈക്കോടതി യെദ്യൂരപ്പയുടെ ഹർജി തള്ളിയത്.

അദ്ദേഹത്തിന്റെ സാന്നിധ്യം നടപടികൾക്ക് അത്യന്താപേക്ഷിതമെങ്കിൽ ഒഴികെ, അദ്ദേഹത്തിനുവേണ്ടി സമർപ്പിക്കുന്ന ഏത് ഇളവ് അപേക്ഷയും പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവുകളിലെ നിരീക്ഷണങ്ങൾ സ്വാധീനിക്കാതെ, വിചാരണയിൽ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് തീരുമാനിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. കേസ് റദ്ദാക്കാൻ യെദ്യൂരപ്പയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2024 ഫെബ്രുവരി 2 നാണ് ബെംഗളൂരുവിലെ വസതിയിൽ വെച്ച് യെദിയൂരപ്പ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ കേസ് ഫയൽ ചെയ്തത്. ലൈംഗികാതിക്രമവുമായി മകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഒരു പഴയ കേസിൽ നീതി ലഭിക്കുന്നതിനും മറ്റ് വിഷയങ്ങൾക്കും സഹായം തേടിയായിരുന്നു യുവതിയും മകളും യെദ്യൂരപ്പയെ സന്ദർശിച്ചത്. പരാതിക്കാരിയായ അമ്മ പിന്നീട് ആരോഗ്യപ്രശ്നങ്ങളാൽ മരിച്ചു.

Share Email
Top