പശുവിനെ അറുത്ത കേസിൽ കടുത്ത ശിക്ഷ, ആൾക്കൂട്ടക്കൊലപാതക കേസിലെ പ്രതികളെ വെറുതെ വിടാൻ നീക്കം; യോഗി സർക്കാരിന്റെ വിചിത്ര നിയമങ്ങൾ

പശുവിനെ അറുത്ത കേസിൽ കടുത്ത ശിക്ഷ, ആൾക്കൂട്ടക്കൊലപാതക കേസിലെ പ്രതികളെ വെറുതെ വിടാൻ നീക്കം; യോഗി സർക്കാരിന്റെ വിചിത്ര നിയമങ്ങൾ

ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ആൾക്കൂട്ടക്കൊലപാതക കേസുകളോടുള്ള സമീപനത്തിൽ വിചിത്രമായ ഇരട്ടത്താപ്പ് പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. ഗുജറാത്തിൽ പശുവിനെ അറുത്തു എന്ന് ആരോപിച്ച കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും ആറ് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ച അതേ സമയത്താണ്, ദാദ്രിയിൽ ഗോമാംസം വീട്ടിൽ സൂക്ഷിച്ചു എന്ന പേരിൽ ആൾക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖിന്റെ കേസിൽ പ്രതികളെ വെറുതെ വിടാൻ യു.പി. സർക്കാർ നീക്കം നടത്തുന്നത്.

ഇന്ത്യൻ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും പിടിച്ചുലച്ച 2015 സെപ്റ്റംബർ 28-ലെ ദാദ്രി കൊലപാതകമാണ് യു.പി. സർക്കാർ പിൻവലിക്കാൻ ഒരുങ്ങുന്നത്. ദാദ്രിയിലെ ബിസാഹ്ഡ ഗ്രാമത്തിൽ പശുവിനെ അറുത്തെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്ന് ആൾക്കൂട്ടം വീട്ടിൽ അതിക്രമിച്ചു കയറി 52-കാരനായ അഖ്ലാഖിനെയും മകൻ ഡാനിഷിനെയും ആക്രമിക്കുകയായിരുന്നു. ഇഷ്ടികയും വടിയും കത്തിയും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അഖ്ലാഖ് കൊല്ലപ്പെട്ടു. മകൻ ഡാനിഷ് ഗുരുതരമായി പരിക്കേറ്റ് നീണ്ട ആശുപത്രിവാസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി.

തുടക്കത്തിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 18 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും 84 ദിവസത്തിനുള്ളിൽ 181 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കേസിന്റെ തുടർനടപടികളിൽ യു.പി. സർക്കാരിന്റെ പ്രത്യേക താൽപര്യം പ്രകടമായിരുന്നു. കേസ് തെളിവെടുപ്പ് ഘട്ടം വിട്ട് മുന്നോട്ട് പോയില്ല. പിന്നീട് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി കൊലക്കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ചു. പ്രാദേശിക ബി.ജെ.പി. നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ കൊലക്കുറ്റം അടക്കമുള്ള എല്ലാ കുറ്റങ്ങളും പിൻവലിച്ച് കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിടണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ വിചാരണക്കോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.

കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ അടുത്തിടെ കത്ത് നൽകിയെന്നും, കുറ്റങ്ങൾ പിൻവലിക്കണമെന്ന അപേക്ഷ നിലവിൽ കേസ് പരിഗണിക്കുന്ന സൂരജ്പൂരിലെ അതിവേഗ കോടതിയിൽ നൽകിയിട്ടുണ്ടെന്നും അഡീഷണൽ ഡിസ്ട്രിക്ട് ഗവൺമെന്റ് കൗൺസിൽ ഭഗ് സിംഗ് ഭാട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതകത്തിന് പിന്നാലെ, അഖ്ലാഖിന്റെ കുടുംബാംഗങ്ങൾക്കെതിരെ ആദ്യം നിയമവിരുദ്ധമായി പശുയിറച്ചി സൂക്ഷിച്ചു എന്ന കേസ് ചുമത്തിയ അതേ പോലീസാണ് യു.പിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ പിന്നീട് ഇത് ആട്ടിറച്ചിയായിരുന്നു എന്ന് യു.പി. വെറ്ററിനറി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്ന സുബോധ് സിംഗ് 2018-ൽ ബജറംഗ്ദൾ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും ഇത് ഒഴിവാക്കണമെന്നും അഖ്ലാഖിന്റെ കുടുംബം പ്രതികരിച്ചു.

Share Email
Top