കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിൽ നിന്ന് പുറത്തായി. ഇതോടെ ശേഷിക്കുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാവില്ല.
ശനിയാഴ്ചത്തെ കളിയവസാനിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഗില്ലിനെ കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്. ശേഷിക്കുന്ന മത്സരത്തിൽ ഗില്ലിന്റെ സേവനം ലഭ്യമാകില്ലെന്ന് ബി.സി.സി.ഐ. സ്ഥിരീകരിക്കുകയും, അദ്ദേഹത്തെ മെഡിക്കൽ സംഘം തുടർന്നും നിരീക്ഷിക്കുമെന്നും അറിയിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ബി.സി.സി.ഐ. നൽകിയ അപ്ഡേറ്റിൽ ഇങ്ങനെ പറയുന്നു: “കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിൻ്റെ രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കഴുത്തിന് പരിക്കേറ്റിരുന്നു. കളിയവസാനിച്ച ശേഷം അദ്ദേഹത്തെ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഈ ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം ഇനി കളിക്കില്ല. ബി.സി.സി.ഐയുടെ മെഡിക്കൽ സംഘം അദ്ദേഹത്തെ തുടർന്നും നിരീക്ഷിക്കും.”
വാഷിംഗ്ടൺ സുന്ദറിൻ്റെ വിക്കറ്റിന് ശേഷം ശനിയാഴ്ച ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമാണ് ഗിൽ ക്രീസിലെത്തിയത്. ഓഫ് സ്പിന്നർ ഹാർമറിനെതിരെ ഒരു ഷോട്ട് കളിച്ചതിന് തൊട്ടുപിന്നാലെയാണ് ഗിൽ അസ്വസ്ഥത പ്രകടിപ്പിച്ചത്. കഴുത്തിൻ്റെ പിൻഭാഗത്ത് വേദനയുണ്ടെന്ന് കാണിച്ചതിനെത്തുടർന്ന് ഫിസിയോയുടെ ഇടപെടലുണ്ടായി. ഹ്രസ്വമായ പരിശോധനയ്ക്ക് ശേഷം അദ്ദേഹം റിട്ടയേർഡ് ഹർട്ടായി മടങ്ങുകയും, ഋഷഭ് പന്ത് അദ്ദേഹത്തിന് പകരമായി ബാറ്റിങ്ങിന് എത്തുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 9 വിക്കറ്റിന് 189 റൺസിന് അവസാനിച്ചപ്പോൾ ഗിൽ മടങ്ങിയെത്തിയില്ല. ഇന്ത്യക്ക് 30 റൺസിന്റെ നേരിയ ലീഡ് ലഭിച്ചിരുന്നു.













