കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തട്ടിയെടുത്ത പണത്തില്‍ രണ്ടു ലക്ഷം രൂപ എസ്‌ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കേസില്‍ എസ്‌ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേര്‍ന്ന് നാലുലക്ഷം രൂപ എസ്‌ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.
നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും, പൊലീസുകാരന്‍ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എസ്‌ഐയും സംഘവും പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.
SI suspended for threatening and extorting money from police officer for allegedly stealing necklace from spa!













