അങ്കമാലി : എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊല്ലപ്പെട്ട ഡൽന മരിയ സാറ എന്ന കുഞ്ഞിൻ്റെ കൊലപാതകത്തിന് പിന്നിൽ കുട്ടിയുടെ അമ്മൂമ്മയെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിലാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
സംഭവസ്ഥലത്ത് കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് ഉണ്ടായിരുന്നത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്താണ് കിടത്തിയിരുന്നത്. കുഞ്ഞിൻ്റെ അമ്മ അടുക്കളയിലായിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ശബ്ദം കേട്ട് അമ്മ ഓടിവന്ന് നോക്കിയപ്പോഴാണ് കുഞ്ഞിൻ്റെ കഴുത്തിൽ നിന്ന് രക്തം വരുന്നതായി കണ്ടത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കുഞ്ഞിൻ്റെ അമ്മൂമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും, അമിത അളവിൽ മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനും സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനുമായി പോലീസ് അന്വേഷണം തുടരുകയാണ്. കുഞ്ഞിൻ്റെ മൃതദേഹം നിലവിൽ അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.













