മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലശ് മുച്ചലിൻ്റെയും വിവാഹം അനിശ്ചിതമായി നീട്ടിവച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് മാറ്റിവെച്ചത്. നവംബർ 23 ഞായറാഴ്ച താരത്തിൻ്റെ ജന്മനാടായ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
പിതാവ് ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ചടങ്ങുകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് സ്മൃതി മന്ദാന തന്നെയാണ് തീരുമാനമെടുത്തത്. “തൻ്റെ അച്ഛൻ കൂടെയില്ലാതെ താൻ വിവാഹിതയാകാൻ ആഗ്രഹിക്കുന്നില്ല” എന്ന് സ്മൃതി വ്യക്തമാക്കിയതായി അവരുടെ മാനേജർ അറിയിച്ചു. ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളാണ് ശ്രീനിവാസ് മന്ദാനയ്ക്കുണ്ടായതെന്നും, നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.













