മാണിസാറിനെയും ഉമ്മന്‍ചാണ്ടിയെയും മോഡലാക്കിയ അമേരിക്കയിലെ ഒരു മേയര്‍; ഇതൊരു കേരളാ രാഷ്ട്രീയ മോഡലിന്റെ കഥയാണ്. അമേരിക്കയിലെ ‘മാണി സാറിന്റെ’ കഥ.

മാണിസാറിനെയും ഉമ്മന്‍ചാണ്ടിയെയും മോഡലാക്കിയ അമേരിക്കയിലെ ഒരു മേയര്‍; ഇതൊരു കേരളാ രാഷ്ട്രീയ മോഡലിന്റെ കഥയാണ്. അമേരിക്കയിലെ ‘മാണി സാറിന്റെ’ കഥ.

മിസൂറി സിറ്റി മേയറായി മൂന്നാമതും വിജയിച്ച റോബിന്‍.ജെ.ഇലക്കാട്ടുമായി പ്രത്യേക അഭിമുഖം

നേര്‍ക്കാഴ്ച ടീം

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. ആ രാഷ്ട്രീയ കലയില്‍ കിട്ടിയ അവസരങ്ങളെ സാധ്യതകളാക്കി മാറ്റി കൃത്യമായി ഉപയോഗിച്ച ഒരു കോട്ടയം കാരനുണ്ട്. അത് കെ.എം മാണി എന്ന പാലാക്കാരുടെ സ്വന്തം മാണിസാറാണ്.  ആ മാണി സാറിന്റെ അതേ ജനപ്രിയതയും വേഗവും കൈമുതലാക്കിയ, ആത്യന്തികമായി ജനങ്ങളാണ് ശക്തി എന്ന ഉമ്മൻചാണ്ടിയുടെ നയം ഹൃദയത്തോട് ചേര്‍ത്തുവെച്ച  ഒരു കോട്ടയംകാരൻ നേതാവുണ്ട് ഇങ്ങ് അമേരിക്കയിൽ – മിസൂറി സിറ്റിയുടെ മേയറായി ഹാട്രിക് വിജയം തികച്ച റോബിൻ. ജെ. ഇലക്കാട്ട്. ഒരു കുടിയേറ്റക്കാരനായിരുന്നിട്ടും വെളുത്തവർഗക്കാരും കറുത്തവർഗക്കാരും ലാറ്റിനോകളും ഏഷ്യക്കാരും അവരുടെ നഗരത്തെ നയിക്കാൻ ഈ മലയാളി മതി എന്ന് മൂന്നാം വട്ടവും തീരുമാനിച്ചത് അത്ര നിസ്സാര കാര്യമല്ല. മിസൂറി സിറ്റിയുടെ മേയറായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ട റോബിൻ ജെ ഇലക്കാട്ട് നേർക്കാഴ്ചയോട് സംസാരിക്കുന്നു. പ്രത്യേക അഭിമുഖം…

മൂന്നാം വട്ടവും മേയർ പദവിയിലേക്ക് മൽസരിച്ചു ജയിക്കുക, അതും ഇന്ത്യക്കാർ ന്യൂനപക്ഷമായ ഒരു സ്ഥലത്ത്. ഇത് എങ്ങനെ സാധിച്ചു. ഭരണവിരുദ്ധ വികാരം എന്നൊരു ഘടകത്തെ എങ്ങനെയാണ് മറികടന്നത്? ആ വിജയ ഫോർമുല എന്തായിരുന്നു?

നോക്കു… ഞാൻ ഇവിടെ നിലനിന്നിരുന്ന വ്യവസ്ഥാപിതമായ മേയർ സങ്കൽപ്പത്തിന് പുറത്തുള്ള ഒരാളാണ്. രാവിലെ 8 മുതൽ വൈകിട്ട് 5 മണിവരെ ഒരു സിഇഓയെ പോലെ പ്രവർത്തിക്കുന്ന ഒരു ജോലിക്കാരനല്ല ഞാന്‍. 24 മണിക്കൂറും ഞാൻ മിസൂറിസിറ്റിക്കു വേണ്ടി നിലകൊള്ളുന്നു. ഒരു ഫോൺ കോളിനപ്പുറം  ഈ നഗരത്തിലെ ജനങ്ങൾക്ക് എന്നെ കിട്ടും. കേരളത്തിൽ നിന്ന് ഞാൻ പഠിച്ച പാഠമാണത്. ജനങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും പ്രതിസന്ധിയിലും അവരുടെ ഒപ്പം നിൽക്കുന്ന ആളാണ് ഞാൻ. അമേരിക്കപോലെ തിരക്കിട്ട രാജ്യത്തെ സിറ്റികളിലെ മേയർമാർ പലരേയും നിങ്ങള്‍ കാണുന്നത് ടെലിവിഷനിലായിരിക്കും. എന്റെ നഗരത്തിലെ റസ്റ്ററന്റുകളിലും ഷോപ്പിങ് മാളുകളിലും ഗ്യാസ് സ്റ്റേഷനുകളിലും എല്ലാ കമ്യൂണിറ്റിയുടേയും പരിപാടികളിലും ഞാൻ പോകും. ആളുകളോടൊപ്പം സമയം ചെലവഴിക്കും. പലർക്കും ഞാൻ മേയറാണ് എന്ന് വിശ്വസിക്കാൻ തന്നെ പറ്റാറില്ല.  – വിശിഷ്ട വ്യക്തിയായി അല്ല, അവർക്കൊപ്പം നിൽക്കുന്ന ഒരു സാധാരണക്കാരനായാണ് ഞാൻ പെരുമാറുന്നത്. മേയർ എന്നാൽ ഒരു സിറ്റിയുടെ പ്രഭുവോ, രാജാവോ അല്ല. ഉരുക്ക്മുഷ്ടികൊണ്ട് ഭരിക്കാനുമാവില്ല. ഞാൻ ജനങ്ങളുടെ പ്രതിനിധിയാണ്. പീപ്പിൾസ് മേയർ എന്നാണ് ജനങ്ങൾ എനിക്കു നൽകിയിരിക്കുന്ന പേര്. അതാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി.
ജനങ്ങളുടെ ആവശ്യങ്ങൾ അവരുടെ അടുക്കൽ പോയി ചോദിച്ച് മനസ്സിലാക്കും. അതിനുള്ള പരിഹാരം അവരോടു തന്നെ നിർദേശിക്കാൻ ആവശ്യപ്പെടും. ആ നിർദേശം ശരിയാണെങ്കിൽ കൃത്യമായ സിസ്റ്റം വഴി  മാറ്റം കൊണ്ടുവരും. മാത്രമല്ല, അത് പിന്നീട് ഫോളോഅപ്പ് ചെയ്യും. അതായത് ജനകീയത മാത്രമല്ല കഠിനമായ അധ്വാനവും ഈ വിജയത്തിന്റെ പിന്നിലുണ്ട്.

വ്യത്യസ്തനായ മേയർക്ക് തീർച്ചയായും എതിർപ്പുകളെ നേരിടേണ്ടി വന്നു കാണുമല്ലോ, പ്രത്യേകിച്ച് ഉദ്യോഗസ്ഥ പക്ഷത്തുനിന്ന് ?

ആദ്യമൊക്കെ ഇയാൾ എന്താണ് ഇങ്ങനെ എന്ന് ആളുകൾക്ക് തോന്നുമായിരുന്നു. ജനകീയത എന്നത് അമേരിക്കൻ പൊളിറ്റിക്കൽ കൾച്ചറിന്റെ ഭാഗമല്ല. ഓരോരുത്തരും അവനനവന്റെ ചുമതലകൾ നിർവഹിക്കുക എന്നതുമാത്രമാണ് ഇവിടെയുള്ള രാഷ്ട്രീയം. തിരഞ്ഞെടുപ്പ് വരുമ്പോൾ സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമൊക്കെ പ്രത്യക്ഷപ്പെടും. പിന്നെ ജനങ്ങളുമായി ബന്ധമില്ല. പക്ഷേ കേരളത്തിൽ അങ്ങനെയല്ലല്ലോ. മാണി സാറും ടിഎം ജേക്കബ് സാറും ഉമ്മൻ ചാണ്ടി സാറുമൊക്കെ ജനങ്ങളോട് എങ്ങനെയാണ് ഇടപെട്ടത്. അവരെത്ര മിടുക്കന്മാരായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. അവരുടെ പല ശൈലികളും എന്നെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ മോഡൽ ഞാൻ ഇവിടെ പരീക്ഷിച്ചു. അത് വിജയിച്ചു. ആ ഒരു സംസ്കാരം ഞാനിവിടെ കൊണ്ടുവന്നു. അത് ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ജനകീയത മാത്രമല്ല, നഗരവികസനത്തിന് വേണ്ട എല്ലാ ജോലികളും ഇതിനൊപ്പം വളരെ കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടു കൊണ്ടുപോവുകയും വേണം.  പൊതുപ്രവര്‍ത്തനവും, ജനകീയനായി നില്‍ക്കുക എന്നതൊക്കെ എന്റെ ഉള്ളിലുള്ള സംഗതികളാണ്. അതെന്റെ പാഷനായിരുന്നു. അതുകൊണ്ട് എനിക്ക് ഇതിൽ ഒരു ബുദ്ധിമുട്ടും തോന്നാറില്ല. പക്ഷേ കൂടെ ജോലിചെയ്യുന്നവർക്ക് അത്ഭുതമായിരുന്നു. ഇപ്പോൾ അവർക്ക് മനസ്സിലായി ഇയാൾ ഇങ്ങനെയാണ് എന്ന്. ഒപ്പം എന്റെ ഉള്ളിൽ ഒരു ബിസിനസുകാരനുമുണ്ട്. അതുകൊണ്ട് തന്നെ ഓരോ ജോലിയും വളരെ പ്രഫഷണലായി എങ്ങനെ ചെയ്യണം, എപ്പോള്‍ ചെയ്യണം, ആരു ചെയ്യണം എന്നൊക്കെ കൃത്യമായി അറിയാം. അത് അങ്ങനെ തന്നെ പോകും. ഒരു ജനകീയ രാഷ്ട്രീയ ശൈലിയുള്ള മികച്ച ഒരു സിഇഒ ആകാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

സാർ വർഷങ്ങളായി പൊതു രംഗത്ത് പ്രവർത്തിക്കുന്നു. 2009 മുതൽ നിരവധി സ്ഥാനങ്ങളിൽ ഇരിക്കുന്നു. അന്നൊന്നും ഇന്ത്യക്കാർക്ക് ഇന്നത്തേതുപോലുള്ള ഒരു വിസിബിലിറ്റി  ഇല്ല. ഒരു ഇന്ത്യക്കാരന്  വലിയ രാഷ്ട്രീയ നേട്ടങ്ങൾ സ്വപ്നം കാണാൻ കഴിയാത്ത കാലമായിരുന്നു. എന്നിട്ടും രാഷ്ട്രീയത്തിൽ തന്നെ തന്റെ കഴിവും സമയവും  ഇൻവെസ്റ്റ് ചെയ്യാം എന്നു വിചാരിച്ചത് എന്തുകൊണ്ടാണ്?

എല്ലാം ഒരു നിയോഗമാണെന്ന് ഞാൻ കരുതുന്നു. എന്റെ ജീവിതത്തിൽ ആകസ്മികമായി വന്നതാണ്  രാഷ്ട്രീയം. ഒരു വലിയ വ്യവസായിയായി മാറുന്നത് ഊണിലും ഉറക്കത്തിലും സ്വപ്നം കണ്ടിരുന്ന വ്യക്തിയായിരുന്നു ഒരുകാലത്ത് ഞാൻ. ഞാനൊരിക്കലും ഒരു പദവി തേടി പോയ ആളല്ല. എല്ലാം എന്നെ തേടി വന്നതാണ്. ഒരിക്കൽ എനിക്കു കിട്ടിയ ഭാഗ്യ സമ്മാനമായിരുന്നു മേയർ പദവി. പിന്നീട് ഞാൻ അതെന്റെ ജീവിത വ്രതമാക്കി. ഇപ്പോൾ ഇന്ത്യക്കാർ അമേരിക്കൻ രാഷ്ട്രീയത്തിൽ നല്ലപോലെ സാന്നിധ്യം അറിയിക്കാൻ തുടങ്ങി. പല സംസ്ഥാനങ്ങളിലും പല പദവികളിലും അവരുണ്ട്. കമല ഹാരിസ് വൈസ് പ്രസിഡന്റ് വരെ ആയില്ലേ.. ഉഷ വാൻസിനെ കണ്ടില്ലേ. പണ്ടൊക്കെ ഇന്ത്യൻ അമേരിക്കക്കാർക്ക് വോട്ട് ചെയ്യാൻ മടിയായിരുന്നു. ഇപ്പോ അങ്ങനെയല്ല, എല്ലാവരും സജീവമായി രാഷ്ട്രീയത്തിലുണ്ട്. നാട്ടിൽ നിന്ന് കിട്ടിയ രാഷ്ട്രീയ അവബോധം അവർ ഇവിടെയും കാത്തു സൂക്ഷിക്കുന്നുണ്ട്. നാട്ടിലെ ഒരു പൊളിറ്റിക്കൽ വൈബ് ഇന്ന് ഇവിടെ തോന്നിത്തുടങ്ങി .

അമേരിക്കയിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ് മിസൂറിസിറ്റി. മിസൂറി സിറ്റിക്ക് എന്തൊക്കെ മാറ്റങ്ങളാണ് അങ്ങ് കൊണ്ടുവന്നത്? എന്തൊക്കെ ലക്ഷ്യങ്ങളാണ് ഇനിയുള്ളത് ?

ഒരുപാട് അടിസ്ഥാന സൗകര്യ വികസങ്ങൾ ഇവിടെ കൊണ്ടുവന്നു. റോഡ്, നടപ്പാതകൾ, മികച്ച ഗതാഗത സംവിധാനത്തിന് മെട്രോ പദ്ധതി തുടങ്ങിയതെല്ലാം കൊണ്ടുവന്നു. ക്രമസമാധാന പാലനം, അഗ്നി രക്ഷാ പ്രവർത്തനം, ജലവിതരണം തുടങ്ങിയ നഗരത്തിലെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത് മേയറാണ്. ഈ ഉദ്യോഗസ്ഥരുമായി നല്ലബന്ധം നിലനിർത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. എല്ലാ ഉദ്യോഗസ്ഥ മേധാവികളുമായും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുമായും മികച്ച ആശയവിനിമയം നിരന്തരം നടത്തുണ്ട്. ഏറ്റവും സുരക്ഷിതമായ, ക്രൈം കുറവുള്ള ഒരു നഗരമായി നിലനിർത്തുന്നത് ഇത്തരം പ്രവർത്തനങ്ങൾ വഴിയാണ്. ഇനിയും ഒരുപാട് പദ്ധതികൾ ചെയ്യാനുണ്ട്. വികസനത്തുടർച്ച ആവശ്യപ്പെടുന്ന നിരവധി പദ്ധതികളുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെട്ടതോടെ സിറ്റിയിലേക്ക് പുതിയ കമ്പനികൾ വരാൻ തുടങ്ങി. ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പണ്ട് ഒരു ബെഡ്റൂം കമ്യൂണിറ്റിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ജോലിക്ക് പുറത്തുപോകുന്നവര്‍, ഇവിടം താമസിക്കാനുള്ള ഇടം മാത്രമായിരുന്നു ഭൂരിഭാഗം പേര്‍ക്കും. അതിനു മാറ്റം വന്നു. ഇപ്പോള്‍ ഇവിടെ തന്നെ ജോലികൾ കിട്ടുന്നു. നിരവധി റസ്റ്ററന്റുകളും ഗ്യാസ് സ്റ്റേഷനുകളും വന്നു. പല വ്യവസായികളും ഇൻവെസ്റ്റ് ചെയ്യാൻ തയാറായി വരുന്നുണ്ട്.

കേരളത്തിലെ മേയറും അമേരിക്കയിലെ മേയറും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളുണ്ട്.?

നാട്ടിലെ മേയർമാർക്ക് അതൊരു സെറിമോണിയൽ പദവിമാത്രമായിരിക്കും. എന്നാൽ യുഎസിലെ ഒരു സിറ്റി മേയർ ആ നഗത്തിന്റെ  മുഴുവൻ ഉത്തരവാദിത്വമുള്ള, എക്സിക്യൂട്ടീവ് പവറുള്ള ഒരു വ്യക്തിയാണ്. അമേരിക്കയിൽ എക്സിക്യൂട്ടീവ് പവറുള്ളവർ പ്രസിഡന്റ്, ഓരോ സംസ്ഥാനത്തിന്റെയും ഗവർണർ, സിറ്റി മേയർമാർ എന്നിവരാണ്. ഒരു നഗരത്തിന്റെ ബജറ്റുമുതൽ നിയമനങ്ങൾ വരെ നടത്തുന്നത് മേയറാണ്.

യുഎസിൽ ഇന്ത്യക്കാർ വലിയ പ്രതിസന്ധി നേരിടുന്നുണ്ടോ? h1b വീസ കാര്യത്തിലെ മാറ്റങ്ങളും താരിഫുമൊക്കെ ഇന്ത്യക്കാരെ വല്ലാതെ ബാധിക്കുന്നുണ്ട്?

ചില സ്ഥലങ്ങളിലൊക്കെ ഇന്ത്യക്കാർക്ക് പ്രശ്നങ്ങളുണ്ടാകുന്നതായി കേൾക്കുന്നുണ്ട്. എന്നാൽ എല്ലായിടത്തും അങ്ങനെയില്ല. പിന്നെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ ഒരു പ്രതിഫലനമാണ് ഇത്. കാലാവസ്ഥകൾ മാറി മാറി വരുമല്ലോ. എന്തൊക്കെ പറഞ്ഞാലും അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണ്. അവരില്ലാതെ ഈ രാജ്യത്തിന് നിലനില്‍ക്കാനാകില്ല. ഇവിടെ ഐടി സെക്ടറിലൊക്കെ മുഴുവൻ മിടുക്കരായ ഇന്ത്യക്കാരാണ്. അവരൊക്കെ ഇന്ത്യയിലേക്ക് വന്നാൽ ഇന്ത്യ ലോകത്തിലെ നമ്പർ വണ്‍ ഇക്കോണമി ആയി മാറും.

ഷട്ട് ‍ഡൗണ്‍  വന്നതുകൊണ്ടാണോ ഈ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടായത്?

ഷട്ട് ഡൗണ്‍ എന്നത് ഒരു വടംവലിമൽസരമാണ്. അതിൽ ദുരിതം അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ശമ്പളമില്ലാതെ എത്ര മനുഷ്യരാണ്, കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്. അവര് തിരഞ്ഞെടുത്തു വിട്ട ജനപ്രതിനിധികളല്ലേ ഇതെല്ലാം സൃഷ്ടിക്കുന്നത്. അവരെങ്ങനെയാണ് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നത്. പൂട്ടിക്കിടക്കട്ടെ എന്ന് ഡെമോക്രാറ്റുകളും നിങ്ങൾ വഴങ്ങാതെ ഞങ്ങൾ ചർച്ചപോലും ചെയ്യില്ല എന്ന് റിപ്പബ്ളിക്കന്മാരും വിചാരിക്കുന്നു. ജനങ്ങളോട് താൽപര്യമുള്ള,  ഇരുപാർട്ടിയിലുമുള്ള പ്രായോഗികവാദികളായ  ജനപ്രതിനിധികൾ ഇതിന് പരിഹാരം ഉണ്ടാക്കണം. പേടിച്ചിരിക്കരുത്. നട്ടെല്ല് വേണം. ജനം അത് ആഗ്രഹിക്കുന്നു. സൊഹ്റാൻ മംദാനിയെ കണ്ടില്ലേ, ട്രംപിനെ വെല്ലുവിളിക്കാനുള്ള ധൈര്യം അയാൾ കാണിച്ചു. ജനം അയാൾക്ക് കയ്യടിച്ചു.

രാഷ്ട്രീയത്തില്‍ വലിയ ലക്ഷ്യങ്ങളുണ്ടോ? ഇനി എന്താണ് അടുത്ത പദവി?

ഒരു പദവിക്കു വേണ്ടി ഞാന്‍ നടക്കില്ല. എന്നാൽ അവസരം ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ ഉപയോഗിക്കും. ഞാൻ ഒരു സാധാരണ പൗരനാണ്. മിസൂറി സിറ്റിയിലെ മേയറുടെ ഓഫിസ് ഇവിടുത്തെ ജനങ്ങൾ എനിക്ക് ലീസിനു തന്നിരിക്കുകയാണ്. അവർ എന്നോട് നിങ്ങൾ പോകൂ  എന്നു പറഞ്ഞാൽ പോകേണ്ട ഒരു വാടകക്കാരന്‍ മാത്രമാണ് ഞാൻ. ആ ബോധ്യം എനിക്കുണ്ട്. ജനങ്ങളാണ് ഉടമസ്ഥർ. അവർ ഏൽപ്പിച്ച ജോലി ഞാൻ നിർവഹിക്കുന്നു എന്നു മാത്രം. നമ്മൾ നമ്മുടെ ജോലി നല്ലപോലെ ചെയ്താൽ നമ്മളെ തേടി അവസരങ്ങൾ വരും എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. താൻ പാതി ദൈവം പാതി എന്നു വിശ്വസിക്കുന്ന ആളുകൂടിയാണ്.

താങ്കള്‍ 43 വർഷമായി അമേരിക്കയിലാണല്ലോ താമസിക്കുന്നത്. എങ്ങനെയാണ് ഇത്ര നന്നായി മലയാളം സംസാരിക്കുന്നത്? കേരളത്തിലേക്ക് വരാറുണ്ടോ? മലയാളം സിനിമകള്‍ കാണാറുണ്ടോ?

എല്ലാവരും എന്നോട് ഇങ്ങനെ ചോദിക്കാറുണ്ട്. മലയാളത്തോട് മാത്രമല്ല, നാട്ടിലെ രാഷ്ട്രീയക്കരുമായും എനിക്ക് നല്ല ബന്ധമുണ്ട്. കേരള നിയമസഭ ഗാലറിയിൽ ഇരുന്ന് സഭ പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കോട്ടയത്തെ കടുത്തുരുത്തി മണ്ഡലമാണ് എന്റേത്. കുറുമുള്ളൂർ എന്ന സ്ഥലത്താണ് കുടുംബ വീട്. അമ്മ വീട് ഞീഴൂരും.

എന്റെ മമ്മി, ഏലിയാമ്മ1982ൽ ചിക്കാഗോയില്‍ നഴ്സായി വന്നതാണ്. 1983ൽ ഞാനും എന്റെ പിതാവ് ഫിലിപ്പും അമേരിക്കയിൽ എത്തി. ഇവിടെ വച്ചാണ് എന്റെ അനുജൻ ജനിക്കുന്നത്.  ഞാൻ കോട്ടയം എംടി സെമിനാരി സ്കൂളിൽ അഞ്ചാം ക്ളാസിൽ ഒരു മാസം പോയി. 1983 ജൂലൈ മാസം ഞാൻ അമേരിക്കയിൽ എത്തി. പിന്നീട് പഠനം ഇവിടെയായിരുന്നു.
എന്റെ ഭാര്യ ടീന ജനിച്ചു വളർന്നത് ന്യൂയോർക്കിലാണ് .അവരുടെ മാതാപിതാക്കൾ ചങ്ങനാശേരിക്കാരാണ്. ഭാര്യയും രണ്ടു മക്കളും എല്ലാം വീട്ടിൽ ഇംഗ്ളിഷാണ് സംസാരിക്കുന്നത്. പക്ഷേ യുഎസിലെ  മലയാളി കമ്മ്യൂണിറ്റിക്ക് വേണ്ടിയാണ് ഞാൻ എന്റെ മലയാളം ഇത്ര ഭംഗിയാക്കി കാത്തുവെക്കുന്നത്. മലയാളികളുടെ എല്ലാ പരിപാടിയിലും ഞാൻ മലയാളത്തിലാണ് പ്രസംഗിക്കുക. അതാണ് അതിന്റെ ശരി. കേരളത്തിലെ എല്ലാ വാർത്തകളും ഞാൻ ശ്രദ്ധിക്കാറുണ്ട്. കേരളത്തിൽ നിന്ന് ഏതു നേതാക്കൾ വന്നാലും ഇവിടെ ആതിഥ്യം അരുളാൻ ശ്രമിക്കാറുണ്ട്. പല പ്രമുഖരുമായും നല്ല ബന്ധുമുണ്ട്. സിനിമയും മലയാളം വാർത്തയും ഒന്നും കാണാറില്ല. പക്ഷേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും

കേരളം എന്ന ഓർമ.. വീട്?

കേരളത്തിലാണ് എന്റെ പപ്പ ഇന്ന് ജീവിക്കുന്നത്. പപ്പയും മമ്മിയും ഇവിടെ യുഎസിൽ ഒരുപാട് വർഷം ജോലിചെയ്തവരാണ്. അവർ ഇടക്കിടെ കേരളത്തിൽ വന്നു പോകുമായിരുന്നു. അങ്ങനെ കേരളത്തിൽ വന്ന സമയത്താണ് കോവിഡ് ലോക് ഡൗണ്‍ വന്നത്. അവരവിടെ നിന്നു. 2021 ൽ മമ്മിക്ക് പെട്ടന്ന് ഹൃദയാഘാതം വന്ന് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. മമ്മിയെ അടക്കിയിരിക്കുന്നത്  കോട്ടയത്തെ ഞങ്ങളുടെ ഇടവക പള്ളിയിലാണ്. അതുകൊണ്ട് പപ്പ പിന്നീട് യുഎസിലേക്ക് വന്നില്ല. പപ്പ അവിടെ എന്നും പള്ളിയില്‍ പോകും സെമിത്തേരിയിൽ പോകും. പപ്പക്ക് മമ്മിയെ വിട്ടിട്ട് വരാൻ പറ്റില്ല. ഞങ്ങളെല്ലാവരും ഇടയ്ക്കിടെ കേരളത്തിൽ പോയി പപ്പയെ കാണും. ഈ ജനുവരിയിൽ ഞാൻ പപ്പയുടെ അടുത്ത് പോകുന്നുണ്ട്.

കേരളത്തിലെ രാഷ്ട്രീയക്കാരോട് എന്താണ് പറയാനുള്ളത്?

രാഷ്ട്രീയം ഒരു തൊഴിലായി കണക്കാക്കരുത്. ജനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന വിശ്വാസമാണ് ഏറ്റവും വലിയ ശക്തി. എല്ലാവരോടും എളിമയോടെയും കളങ്കമില്ലാതെയും പെരുമാറണം. റീല്‍സ് വഴിയല്ല ആരാധകരെ ഉണ്ടാക്കേണ്ടത്. ജനങ്ങളുടെ ഇടയിലേക്ക് ചെല്ലണം. യുവാക്കളിലാണ് എന്റെ പ്രതീക്ഷ. പുതിയ തലമുറ രാഷ്ട്രീയക്കാര്‍ക്ക് ലോകത്തെ അറിയാന്‍ നിരവധി അവസരം കിട്ടിയിട്ടുണ്ട്. ഓരോ രാജ്യത്തെയും രാഷ്ട്രീയം, രീതി എന്നിവ മനസ്സിലാക്കി, അതില്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് നോക്കണം. മാറ്റം എല്ലാവര്‍ക്കും ഇഷ്ടമാണ്. മാറ്റം കൊണ്ടുവരുമെന്ന് എല്ലാവരും വാഗ്ദാനം ചെയ്യും. എന്നാല്‍ മാറ്റം കൊണ്ടുവരാന്‍ നല്ലതുപോലെ അദ്ധ്വാനിക്കേണ്ടതുണ്ട്.

Special interview of Robin J Elackatt, Mayor of Missouri City, TX

contact- Mayor, Robin J Elackatt

Email Email Robin Elackatt , Phone: 281-403-8500

Share Email
Top