ദുബായ് എയർ ഷോയിൽ ഇന്ത്യൻ ‘തേജസ്’ യുദ്ധവിമാനം തകർന്നു; പൈലറ്റിന് ഗുരുതര പരുക്ക്

ദുബായ് എയർ ഷോയിൽ ഇന്ത്യൻ ‘തേജസ്’ യുദ്ധവിമാനം തകർന്നു; പൈലറ്റിന് ഗുരുതര പരുക്ക്

ദുബായ്: ലോകത്തിലെ പ്രധാനപ്പെട്ട വ്യോമയാന പ്രദർശനങ്ങളിൽ ഒന്നായ ദുബായ് എയർ ഷോയിൽ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) ആയ ‘തേജസ്’ ആണ് അപകടത്തിൽപ്പെട്ടത്.

നവംബർ 21-ന് ഉച്ചയ്ക്ക് ഏകദേശം 2.10-ഓടെയായിരുന്നു സംഭവം. എയർ ഷോയിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് തകരുകയായിരുന്നു. അപകടത്തിൽ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റു.

വിമാനം കുത്തനെ താഴേക്ക് പതിച്ച് നിലത്ത് വന്നയുടനെ തീഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സുലൂർ സ്ക്വാഡ്രണിൽ നിന്നുള്ള വിമാനമാണ് തകർന്ന തേജസ്.

റഷ്യൻ നിർമ്മിത മിഗ് 21 യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി വ്യോമസേനയിൽ നിന്ന് ഒഴിവാക്കുമ്പോൾ പകരം ഉപയോഗിക്കാനായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവേണ്ട വിമാനമാണ് ഭാരം കുറഞ്ഞ തേജസ്. നവംബർ 17-ന് ആരംഭിച്ച ദുബായ് എയർ ഷോയുടെ അവസാന ദിവസമാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. കഴിഞ്ഞ തവണത്തെ എയർ ഷോയിലും തേജസ് വിമാനങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധ നേടിയിരുന്നു.

Share Email
Top