ഡൽഹി സ്ഫോടനക്കേസ്: ഡോ. ഷഹീൻ സയീദിന് പുൽവാമ ആക്രമണ സൂത്രധാരൻ്റെ ഭാര്യയുമായി ബന്ധം; ജെയ്‌ഷെ മുഹമ്മദ് ബന്ധം പുറത്ത്

ഡൽഹി സ്ഫോടനക്കേസ്: ഡോ. ഷഹീൻ സയീദിന് പുൽവാമ ആക്രമണ സൂത്രധാരൻ്റെ ഭാര്യയുമായി ബന്ധം; ജെയ്‌ഷെ മുഹമ്മദ് ബന്ധം പുറത്ത്

ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലും ഫരീദാബാദിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിലും നിർണായക വിവരങ്ങൾ ലഭിച്ചു. ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ ഡോക്ടറായിരുന്ന ഷഹീൻ സയീദ്, ജെയ്‌ഷെ മുഹമ്മദ് കമാൻഡറും പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരനുമായിരുന്ന ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫിറ ബീബിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജെയ്‌ഷെ മേധാവി മസൂദ് അസ്ഹറിൻ്റെ മരുമകനായിരുന്നു ഉമർ ഫാറൂഖ്. 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട 2019-ലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.

ഉമർ ഫാറൂഖിൻ്റെ ഭാര്യയായ അഫിറ ബീബി, ജെയ്‌ഷെ മുഹമ്മദ് അടുത്തിടെ ആരംഭിച്ച വനിതാ ബ്രിഗേഡായ ‘ജമാഅത്ത്-ഉൽ-മോമിനാത്തി’ലെ പ്രധാനിയാണ്. ദില്ലി സ്ഫോടനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് അഫിറ, ഈ ബ്രിഗേഡിൻ്റെ ഉപദേശക സമിതിയായ ‘ഷൂറ’യിൽ ചേർന്നിരുന്നു. മസൂദ് അസ്ഹറിൻ്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് അഫിറ പ്രവർത്തിക്കുന്നത്. ഇരുവരും ഷഹീൻ സയീദുമായി ബന്ധം പുലർത്തിയിരുന്നതായും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

ഷഹീൻ സയീദിൻ്റെ കാറിൽ നിന്ന് എ.കെ. റൈഫിളുകളും മറ്റ് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതിനെ തുടർന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ ഇന്ത്യാ വിഭാഗം സ്ഥാപിക്കുന്നതിനും ഭീകരപ്രവർത്തനങ്ങൾക്കായി തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ട സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനും ഷഹീൻ സയീദിന് ചുമതല നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Share Email
Top