കളരി വിളക്ക് തെളിഞ്ഞു …അങ്കത്തട്ടില്‍ ആരവമുയര്‍ന്നു ദിവാന്‍ കളരിയുടെ അരങ്ങേറ്റം മാമാങ്ക സമാനം

കളരി വിളക്ക് തെളിഞ്ഞു …അങ്കത്തട്ടില്‍ ആരവമുയര്‍ന്നു ദിവാന്‍ കളരിയുടെ അരങ്ങേറ്റം മാമാങ്ക സമാനം

അനില്‍ ആറന്മുള

സ്റ്റാഫോര്‍ഡ് : പുത്തൂരം വിളക്ക് തെളിഞ്ഞതോടെ അങ്കത്തട്ടില്‍
ആരവമുയര്‍ന്നു. ചിട്ടയോടെയെങ്കിലും വാളും പരിചയും ചുരികയുമേന്തിയ പടയാളികള്‍ അക്ഷരാര്‍ഥത്തില്‍ അങ്കം വെട്ടുന്നത് കണ്ട കാണികള്‍ തരിച്ചിരുന്നു. അമേരിക്കയിലെ ആദ്യ കളരി അഭ്യസന കേന്ദ്രമായ ഹൂസ്റ്റണിലെ ദിവാന്‍ കളരിയുടെ അരങ്ങേറ്റ ഷോ ആയിരുന്നു ഓതിരം 2025. കളരിയും കരാട്ടെയും സംയുക്തമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ഷോയുടെ തുടക്കം.

മൂവായിരം വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ തനതു കലയായ കളരിപ്പയറ്റ് അഭ്യസിക്കാന്‍ ഒരു കേന്ദ്രമുണ്ടാവുക എന്നത് അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക തലസ്ഥാനമായ ഹ്യൂസ്റ്റന്റെ അഭിമാനമായി മാറിയിരിക്കുന്നു. നാല്പതുവര്ഷമായി ഒരു തപസ്യപോലെ കളരി അഭ്യസിക്കുന്ന കുട്ടനാട് രാമങ്കരിക്കാരന്‍ രാജുമോന്‍ നാരായണനാണ് ദിവാന്‍ കളരിയുടെ ഉപജ്ഞാതാവും ഗുരുക്കളും എല്ലാം. നാലു വയസുമുതല്‍ അറുപതു കഴിഞ്ഞവര്‍ വരെയുള്ള അന്‍പതിലധികം പേരാണ് ഇന്ന് രാജുമോന് ശിഷ്യഗണങ്ങളായിട്ടുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷമായി കളരി അഭ്യസിക്കുന്നവരുടെ അരങ്ങേറ്റ ഷോ ആയിരുന്നു ഓതിരം 2025.ആരോഗ്യമുള്ള ശരീരവും അതില്‍ ഒരു ആരോഗ്യമുള്ള മനസും പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജുമോന്‍ പറഞ്ഞു.

രാജുമോന്‍ നാരായണന്‍ കളരി വിലക്ക് തെളിയിച്ചതോടെ സ്ത്രീ പുരുഷ ഭേദമില്ലാതെ ചിട്ടയായി കളരി അടവുകള്‍ രംഗത്തവതരിപ്പിക്കുകയായിരുന്നു. അവസാനമായപ്പോഴേക്കും ചുരിക ചുഴറ്റിയുള്ള അഭ്യാസമുറകള്‍ വന്നപ്പോഴേക്കും കാണികള്‍ സ്തബ്ധരായിരിക്കുന്ന കാഴ്ചയാണ് കണ്ടത്. പലപ്പോഴും കൊടുങ്കാറ്റുപോലെ സ്റ്റേജില്‍ വിവിധ ആയുധങ്ങളുമായി ഉജ്വല പ്രകടനം കാഴ്ചവെച്ച ഗുരുപത്‌നി കൂടിയായ റെജി കളത്തില്‍ പ്രശംസയര്‍ഹിക്കുന്നു. ഒപ്പം ഷോണ്‍ റോയ്, ഷോണ്‍ തോമസ് ഷിജോ ചാണ്ടപ്പിള്ള, ശബരി സുരേന്ദ്രന്‍, വറുഗീസ് മാവേലി എന്നിവര്‍ അമേരിക്കന്‍ കളരി പ്രസ്ഥാനത്തിന്റെ മോഹന വാഗ്ദാനങ്ങളാണ്.

കളരിയും കലാപ്രകടനങ്ങളും കോര്‍ത്തിണക്കിയ ഷോയില്‍ കളരി വിദ്യാര്‍ഥി കൂടിയായ അനില സന്ദീപ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പരിപാടികളില്‍ അതിമനോഹരമായ നൃത്തങ്ങളും സ്പ്രിങ് ടെക്‌സാസ് ബങ്കരാ ടീം അവതരിപ്പിച്ച ബങ്കരാ നൃത്തവും ഉള്‍പ്പെട്ടിരുന്നു.

ടീം ഡിട്രോയിറ്റ് അവതരിപ്പിച്ച കാളിയന്‍ ചാത്തന്‍ എന്ന നാടകം നിലവാരം പുലര്‍ത്തി. കഥയില്‍ പുതുമയില്ലായിരുന്നെങ്കിലും മികച്ച അവതരണമായിരുന്നു കാഴ്ചവെച്ചത്. ചില രംഗങ്ങള്‍ ‘കാന്താര’ ചലച്ചിത്രത്തെ ഓര്‍മിപ്പിക്കും തരത്തിലാണ് സംവിധാനം ചെയ്തത്. ദേവിക രാജേഷ് രചിച്ച നാടകത്തിനു രാജേഷ് നായര്‍ ആയിരുന്നു സംഭാഷണവും സംവിധാനവും നിര്‍വഹിച്ചത്.

ദിവാന്‍ കളരിയില്‍ അംഗമായ ശബരി സുരേന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു. അനില്‍ ജനാര്‍ദ്ദനന്‍ അമ്പിളി ആന്റണി എന്നിവര്‍ എംസിമാരായിരുന്നു.

The Kalari lamp is lit…the stage is buzzing with excitement as Diwan Kalari makes her debut in the style of Mamanga.

Share Email
LATEST
Top