തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചു. മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ 48 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം നേടുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ കെ. മുരളീധരൻ എം.പി. വ്യക്തമാക്കി.
മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിലാണ് മത്സരിക്കുന്നത്. 30 വർഷമായി കൗൺസിലറായി പ്രവർത്തിക്കുന്ന ജോൺസൺ ജോസഫ് (ഉള്ളൂർ), കെ.എസ്.യു. വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുൻ കൗൺസിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡി.സി.സി. സെക്രട്ടറി എം.എസ്. അനിൽകുമാർ (കഴക്കൂട്ടം) എന്നിവരടക്കമുള്ള പ്രമുഖർ പട്ടികയിലുണ്ട്.
തെരഞ്ഞെടുപ്പിന്റെ പ്രചാരണ ജാഥകൾ നവംബർ 12 വരെ നീണ്ടുനിൽക്കും. കോർപ്പറേഷനിൽ ദീർഘകാലത്തിനുശേഷം യു.ഡി.എഫ്. അധികാരത്തിൽ വരുമെന്ന് ഡി.സി.സി. അധ്യക്ഷൻ എൻ. ശക്തൻ പ്രത്യാശ പ്രകടിപ്പിച്ചു. മേയർ സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചോദ്യത്തിന്, നിലവിൽ അത് പ്രഖ്യാപിക്കുന്നില്ലെന്നായിരുന്നു കെ. മുരളീധരന്റെ മറുപടി.













