വാഷിംഗ്ടൺ: യുഎസ് സർക്കാർ ഷട്ട്ഡൗൺ മൂലം ജോലി ബഹിഷ്കരിച്ച എയർ ട്രാഫിക് കൺട്രോളർമാർക്ക് കടുത്ത താക്കീത് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. “ഇപ്പോൾ തന്നെ ജോലിയിൽ പ്രവേശിക്കണം” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോലിക്ക് ഹാജരാകാത്തവർക്ക് ശിക്ഷാനടപടികളും ശമ്പള കുറവും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഷട്ട്ഡൗൺ കാലയളവിൽ ഡ്യൂട്ടി ചെയ്തവർക്ക് ബോണസ് നൽകുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
“ജോലി ഒഴിവാക്കുന്നവരുടെ ശമ്പളത്തിൽ കാര്യമായ വെട്ടിക്കുറവ് ഉണ്ടാകും. ‘ഡെമോക്രാറ്റ്സിന്റെ ഷട്ട്ഡൗൺ തട്ടിപ്പി’നിടയിലും അവധിയെടുക്കാതെ രാജ്യസേവനം ചെയ്ത മഹാനായ ദേശസ്നേഹികൾക്ക് ഒരാൾക്ക് 10,000 ഡോളർ ബോണസ് നൽകാൻ ഞാൻ നിർദേശിക്കും.” ജോലി ചെയ്യാത്തവരുടെ റെക്കോർഡിൽ നെഗറ്റീവ് അടയാളം രേഖപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഷട്ട്ഡൗൺ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രതിസന്ധി നിറഞ്ഞ വാരാന്ത്യമായിരുന്നു കഴിഞ്ഞത്. ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള കരാർ സാധ്യതയുണ്ടെങ്കിലും, ജീവനക്കാരുടെ കുറവ് മൂലം തിങ്കളാഴ്ച രാവിലെയും വിമാനങ്ങൾ വൈകി. ഷട്ട്ഡൗൺ സമയത്ത് കൺട്രോളർമാർ ജോലി ചെയ്യണമെങ്കിലും ശമ്പളം ലഭിക്കുന്നില്ല. ചില കൺട്രോളർമാർ ജീവിതച്ചെലവുകൾ നികത്താൻ രണ്ടാം ജോലി തേടുന്നുണ്ടെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി നേരത്തെ വെളിപ്പെടുത്തിയിരുന്നു.













