വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ഥികള്‍ വരുന്നത് അമേരിക്കയ്ക്ക് നല്ലതെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ ട്രംപ്. രണ്ടാം വട്ടം ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ മാസങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ സംബന്ധിച്ചുള്ള കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു നിലപാടാണ് ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്.
ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തില്‍ തന്നെ വലിയ വ്യത്യാസം വരുത്താന്‍ ഇടയാക്കുന്ന ഒരു പ്രഖ്യാപനമാണ അദ്ദേഹം നടത്തിയത്. വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമ്പദ് ഘടന ശക്തമായി നിലനിര്‍ത്താന്‍ സഹായകരമായ ഘടകമാണെന്നു ഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ചൈനയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ വരവിലെ കുറഞ്ഞാല്‍ അമേരിക്കയിലെ കോളജുകളെ പ്രതികൂലമായി ബാധിക്കും.
വിദേശ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചാല്‍ അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാമ്പത്തികമായി ദോഷം വരുത്തുമെന്നും ചില കോളജുകള്‍ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഞങ്ങള്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ വാങ്ങുന്നു.മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ ഇരട്ടിയിലധികം പണം നല്‍കുന്നു. അമേരിക്കയുടെ വിദ്യാഭ്യാസ സംവിധാനം അഭിവൃദ്ധി പ്രാപിക്കുന്നതിനു അത് അനിവാര്യമാണ്. വിദേശ വിദ്യാര്‍ഥികളുടെ വരവിനെ ഒരു ബിസിനസായിട്ടാണ് താന്‍ കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പുതിയ വാദങ്ങള്‍ അദ്ദേഹത്തിന്റെ രണ്ടാം ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ നിന്ന് വ്യക്തമായ മാറ്റങ്ങളാണ് പ്രതിഫലിക്കുന്നത്. ജനുവരിയില്‍ അധികാരത്തില്‍ വന്നതിനുശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും, പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ പുതിയ നയത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ് ട്രംപ് നല്കുന്നത്.
Trump has a change of heart: Trump declares that foreign students are good for America












