വാഷിംഗ്ടൺ: വെനസ്വേലയ്ക്കെതിരെ സമ്മർദ്ദം ചെലുത്തുന്നതിന്‍റെ ഭാഗമായി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിമാനക്കമ്പനികൾക്കും പൈലറ്റുമാർക്കും ക്രിമിനൽ ശൃംഖലകൾക്കും മുന്നറിയിപ്പ് നൽകി. വെനസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് ഒരു നിര്‍ദേശം പുറപ്പെടുവിച്ചു. “വെനസ്വേലയുടെ മുകളിലൂടെയും ചുറ്റുമുള്ളതുമായ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി കണക്കാക്കുക,” ട്രംപ് തന്‍റെ പോസ്റ്റിൽ എഴുതി.
വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കാൻ ട്രംപ് ഭരണകൂടം ശ്രമം ശക്തമാക്കുന്നതിൻ്റെ ഏറ്റവും പുതിയ നീക്കമാണിത്. അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നിൻ്റെയും ഒഴുക്ക് തടയാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ട്രംപ് ഭരണകൂടം ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും, ഭരണമാറ്റം സാധ്യമായ ഒരു പാർശ്വഫലമായി അവർ കണക്കാക്കുന്നു. ട്രംപിന്‍റെ ശനിയാഴ്ചത്തെ നിർദ്ദേശത്തെ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി അപലപിച്ചു. ഇത് വെനസ്വേലയിലെ ജനങ്ങൾക്കെതിരായ അമിതവും നിയമവിരുദ്ധവും നീതീകരിക്കാത്തതുമായ ആക്രമണം ഉണ്ടാക്കുന്ന കൊളോണിയൽ ഭീഷണി ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഒരു രാജ്യത്തിൻ്റെ വ്യോമാതിർത്തി അടയ്ക്കാൻ യുഎസിന് കഴിയില്ല. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ കഴിഞ്ഞ ആഴ്ച തന്നെ, വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ അപകടകരമായ സാഹചര്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പ്രധാന വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. യുഎസ് പാസഞ്ചർ അല്ലെങ്കിൽ കാർഗോ വിമാനങ്ങളുടെ വെനസ്വേലയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ 2019 മുതൽ നിർത്തിവച്ചിരിക്കുകയാണെങ്കിലും, ചില യുഎസ് വിമാനക്കമ്പനികൾ തെക്കേ അമേരിക്കൻ വിമാന സർവീസുകൾക്കായി രാജ്യത്തിന് മുകളിലൂടെ പറക്കുന്നുണ്ട്.













