വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലും കാലിഫോര്‍ണിയയിലും കൂടുതല്‍ പ്രദേശങ്ങളില്‍ എണ്ണഖനനം ലക്ഷ്യമിട്ടുള്ള നടപടികളുമായി ട്രംപ് ഭരണകൂടം. വ്യാഴാഴ്ച്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് നിര്‍ദേശത്തില്‍ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, അലാസ്‌ക എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ക്രൂഡ് ഓയില്‍ ഖനനത്തിനായി തുറന്നുകൊടുക്കുമെന്ന പരാമര്‍ശമുണ്ട്. കരട് റിപ്പോര്‍ട്ട് പ്രകാരം 34 സ്ഥലങ്ങളിലാണ് പുതുതായി ഖനനത്തിന് നീക്കം.
ഇതില്‍ അലാസ്‌ക തീരത്ത് 21 എണ്ണവും പസഫിക് തീരത്ത് ആറ് എണ്ണം, മെക്‌സിക്കോ ഉള്‍ക്കടലില്‍ ഏഴ് എണ്ണം എന്നിവ ഉള്‍പ്പെടുന്നുണ്ട്. പതിറ്റാണ്ടുകളായി ഫ്‌ലോറിഡയ്ക്കും അലബാമയ്ക്കും സമീപമുള്ള ജലാശയങ്ങളില്‍ ഖനനം അനുവദിച്ചിരുന്നില്ല. . മത്സ്യബന്ധനം, വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ളവയെ തകിടം മറിക്കുമെന്നു കാട്ടി തെക്കന്‍ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഈ മേഖലകളിലെ ഖനനം വളരെക്കാലമായി എതിര്‍ത്തിരുന്നതാണ്. നിലവിലെ നീക്കം നടപ്പായാല്‍ ലക്ഷക്കണക്കിന് ഏക്കര്‍ തീരദേശ മേഖലകള്‍ ഡ്രില്ലിംഗിനായി തുറക്കും.
മുന്‍ ഭരണകൂടം തീരദേശ എണ്ണ, വാതക പര്യവേഷണത്തിന് തടസം സൃഷ്ടിക്കുകയും അമേരിക്കയുടെ തീരദേശത്തെ എണ്ണ ഉത്പാദനത്തെ ദീര്‍ഘകാലം സ്തംഭിപ്പിക്കുകയും ചെയ്തതായി ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം പ്രസ്താവനയില്‍ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കത്തെ പെട്രോളിയം കമ്പനികള്‍ പിന്തുണച്ചപ്പോള്‍ പരിസ്ഥിതി സംഘടനകള്‍ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തി.
ഏറ്റവും വലിയ എണ്ണ, വാതക വ്യാപാര ഗ്രൂപ്പായ അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ , പരിസ്ഥിതി സംഘടനയായ നാച്ചുറല്‍ റിസോഴ്സസ് ഡിഫന്‍സ് കൗണ്‍സില്‍ ഇതിനെതിരേ രംഗത്തുവന്നു.ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ കരട് ബില്ല് ഒരു തുടക്കം മാത്രമാണ്. പൊതുജനാഭിപ്രായം ഉള്‍പ്പെടെയുള്ളവ തേടിയ ശേഷമാകും അന്തിമ തീരിമാനത്തിലേക്കു വരിക.
Trump Plan Targets Florida, California For Coastal Oil Drilling













