ഇറക്കുമതി തീരുവ: ഇന്ത്യയുമായി ന്യായമായ കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്, “അന്യായമായ വ്യാപാര ഇടപാടുകള്‍ അവസാനിക്കും”

ഇറക്കുമതി തീരുവ: ഇന്ത്യയുമായി ന്യായമായ കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്, “അന്യായമായ വ്യാപാര ഇടപാടുകള്‍ അവസാനിക്കും”

വാഷിംഗ്ടണ്‍ : വ്യാപാര ചര്‍ച്ചകള്‍ തുടരവെ ഇന്ത്യയുമായി കരാറിനടുത്തെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇന്ത്യയുമായി നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, യുഎസ് തീരുവകള്‍ ‘കുറയ്ക്കുമെന്ന്’ ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയര്‍ന്ന താരിഫ് നേരിടുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇന്ത്യ അത് നിര്‍ത്തി എന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഒരു ഘട്ടത്തില്‍ താരിഫ് കുറയ്ക്കാന്‍ യുഎസ് പദ്ധതിയിടുന്നുണ്ടെന്നും ഇന്ത്യയുമായുള്ള ഒരു ‘ന്യായമായ കരാറിലേക്ക്’ അവര്‍ അടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യയുമായുള്ള ന്യൂഡൽഹിയുടെ ഊർജ ഇടപാടുകൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഇന്ത്യൻ ഇറക്കുമതിത്തീരുവ വർധിപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ ഏറ്റവും പുതിയ പരാമർശങ്ങൾ വരുന്നത്. യുക്രൈൻ അധിനിവേശവും യുദ്ധവും അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനെ പ്രേരിപ്പിക്കുന്നതിനുള്ള സമ്മർദ തന്ത്രമായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.

അതിനുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, അന്ന് ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടന്നുവെന്ന വാർത്ത ഇന്ത്യ നിഷേധിക്കുകയും അങ്ങനെയൊരു സംഭാഷണത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ചൊവ്വാഴ്ച നടക്കുന്ന വ്യാപാര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞു: “ഞങ്ങൾ ഇന്ത്യയുമായി ഒരു കരാറുണ്ടാക്കുകയാണ്, മുൻപുണ്ടായിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന്. ഇപ്പോൾ അവർക്കെന്നെ ഇഷ്ടമല്ല, പക്ഷേ, അവർ ഞങ്ങളെ വീണ്ടും സ്നേഹിക്കും. ഞങ്ങൾക്ക് ന്യായമായ ഒരു ഇടപാട് ഉണ്ടാകും. ഒരു ന്യായമായ വ്യാപാര ഇടപാട്. ഞങ്ങൾക്ക് യുക്തിരഹിതമായ വ്യാപാര ഇടപാടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾ ന്യായമായ ഒന്നിലേക്ക് എത്തുകയാണ്.” തുടർന്ന് ട്രംപ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ ചൂണ്ടിക്കാട്ടുകയും എല്ലാവർക്കും ഉചിതമായ ഒരു കരാറിലേക്ക് അടുക്കുന്നു എന്ന വാദം ആവർത്തിക്കുകയും ചെയ്തു.

Share Email
Top