വാഷിംഗ്ടൺ: രണ്ട് വർഷത്തിലേറെയായി നീളുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം ഉടൻ അവസാനിപ്പിക്കാൻ താൻ ഇടപെടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് ഉറപ്പുനൽകി. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഈ സംഘർഷത്തിൽ ഇതുവരെ ഏകദേശം 1.2 കോടി ആളുകൾ വീടുവിട്ട് പലായനം ചെയ്തു. അവസാനിക്കാൻ യാതൊരു ലക്ഷണവും കാണിക്കാത്ത ഈ മനുഷ്യദുരന്തത്തിൽ ട്രംപിന്റെ നേരിട്ടുള്ള ഇടപെടൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.
ചില വിദഗ്ധർ ട്രംപിന്റെ നീക്കം യുദ്ധം അവസാനിപ്പിക്കുന്നതിന് സഹായകരിക്കുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ആഴത്തിൽ വേരൂന്നിയ ഈ സംഘർഷത്തിന് ദീർഘകാല പരിഹാരം കണ്ടെത്തുക അത്ര എളുപ്പമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്വയം സമാധാന നിർമാതാവ് എന്ന് വിശേഷിപ്പിക്കാറുള്ള ട്രംപ് കഴിഞ്ഞ ആഴ്ച വരെ സുഡാൻ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് അഭ്യർഥിച്ചതിനെ തുടർന്നാണ് അദ്ദേഹം നിലപാട് മാറ്റിയത്. കഴിഞ്ഞ ബുധനാഴ്ച വാഷിംഗ്ടൺ ഡി സിയിൽ സൗദി നേതാവിനൊപ്പമുള്ള ഒരു ചടങ്ങിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കി. “ഇത് ഭ്രാന്തമായ, നിയന്ത്രണം വിട്ട ഒരു കാര്യമാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ, സുഡാൻ നിങ്ങൾക്കും ഈ മുറിയിലിരിക്കുന്ന നിങ്ങളുടെ നിരവധി സുഹൃത്തുക്കൾക്കും എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് മനസ്സിലായി. ഞങ്ങൾ ഇപ്പോൾ സുഡാനിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു,” ട്രംപ് പറഞ്ഞു.













