തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നൈറ്റ് ഡ്യൂട്ടിക്കിടെ വിദ്യാർഥിനികൾക്ക് നേരെ അജ്ഞാതന്റെ അതിക്രമം. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഡയാലിസിസ് ടെക്നോളജി നാലാം വർഷ വിദ്യാർഥിനികളെ കടന്നുപിടിക്കാൻ അജ്ഞാതനായ ഒരാൾ ശ്രമിക്കുകയായിരുന്നു. അതിക്രമശ്രമം ചെറുക്കുന്നതിനിടെ കത്രികയും കസേരയും ഉപയോഗിച്ച് അക്രമി വിദ്യാർഥിനികളെ ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
വിദ്യാർഥിനികൾ ഉടൻതന്നെ കോളേജ് പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അതിക്രമം നടന്ന സമയത്ത് സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചിട്ടും വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന് വിദ്യാർഥിനികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും വിദ്യാർഥികൾ ആശങ്ക രേഖപ്പെടുത്തി.
സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചോ എന്ന കാര്യവും പരിശോധിക്കും. രാത്രികാലങ്ങളിൽ വിദ്യാർഥിനികൾക്ക് സുരക്ഷിതമായി ഡ്യൂട്ടി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും, അക്രമിയെ ഉടൻ കണ്ടെത്തണമെന്നും വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു.













