വാഷിംഗടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനായുള്ള ബില്‍ സെനറ്റ് പാസാക്കിയിട്ടും അമേരിക്കന്‍ വ്യോമഗതാഗത മേഖലയിലെ പ്രതിസന്ധി തുടരുന്നു. സെനറ്റില്‍ ബില്ല് പാസാക്കിയ ശേഷവും ആകെയുള്ള സര്‍വീസുകളില്‍ ആറു ശതമാനം വെട്ടിക്കുറച്ചു. അടച്ചുപൂട്ടല്‍ അവസാനിപ്പിച്ചാലും നിലവിലെ സാഹചര്യത്തില്‍ വ്യോമഗതാഗതം സാധാരണ നിലയിലെത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
നിലവിലെ സാഹചര്യത്തില്‍ ജനപ്രതിനിധി സഭ ഉടന്‍ തന്നെ ബില്ലിന് അംഗീകാരം നല്കി നടപടികള്‍ വേഗത്തിലാക്കിയാല്‍ മാത്രമേ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളെന്നു ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. ബുധനാഴ്ച്ചയാണ ബില്‍ ജനപ്രതിനിധി സഭയ്ക്ക് മുന്നിലെത്തുന്നത്. വിമാനയാത്രയ്ക്ക് ഏറ്റവും തിരക്കേറിയ താങ്ക്‌സ് ഗിവിംഗ് ആഴ്ച്ചയില്‍ തടസങ്ങളുണ്ടാവാതെ സര്‍വീസ് നടത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നും വേഗത്തിലുള്ള നടപടികള്‍ വേണെമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വിമാനത്താവങ്ങളില്‍ നിന്നുള്ള ആറു ശതമാനം സര്‍വീസാണ് കഴിഞ്ഞ ദിവസവും വെട്ടിക്കുറച്ചത്.
ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച ഉച്ചവരെ, യുഎസിനുള്ളിലെ 1,200-ലധികം വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു, 2,000-ലധികം വിമാനങ്ങള്‍ വൈകി.യുണൈറ്റഡ് എയര്‍ലൈന്‍സ് ചൊവ്വാഴ്ചയും ബുധനാഴ്ചയും റദ്ദാക്കിയ വിമാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് ചിക്കാഗോ, ന്യൂയോര്‍ക്ക് , വാഷിംഗ്ടണ്‍, ഡി.സി., അറ്റ്‌ലാന്റ, ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് തുടങ്ങിയ പ്രധാന നഗരങ്ങളല്‍ നിന്നാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ അതിരൂക്ഷമായ തണുപ്പുകാരണവും പല വിമാനങ്ങളും റദ്ദാക്കി.
അടച്ചുപൂട്ടലിനെ തുടര്‍ന്ന് 42 ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെയും ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരുടെയും കുറവ് മൂലം വെള്ളിയാഴ്ച മുതല്‍ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ സര്‍വീ്‌സ് നാലു ശതമാനം വീതം കുറയ്ക്കാന്‍ തുടങ്ങിയിരുന്നു.
US air travel crisis continues despite Senate passing bill to end shutdown












