ന്യൂയോർക്ക്: കണ്ടെയ്നറിലെ കേടുപാട് കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കൻ പാരസെറ്റമോൾ എന്നറിയിപ്പെടുന്ന ടൈലനോൾ മരുന്നിന്റെ ഏകദേശം 3,000 കുപ്പികൾ യു എസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) രാജ്യവ്യാപകമായി തിരിച്ചുവിളിച്ചു. ക്ലാസ് II റീകോൾ വിഭാഗത്തിലാണ് ഈ നടപടി. കൊളറാഡോ, ഇലിനോയ്, ഒഹായോ, ഇൻഡ്യാന സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത ബാച്ചുകളാണ് പിൻവലിക്കുന്നത്.
ടൈലനോളിലെ പ്രധാന ഘടകമായ അസറ്റാമിനോഫെൻ തന്നെയാണ് പാരസെറ്റമോൾ എന്നറിയപ്പെടുന്ന മരുന്ന്. രാസസൂത്രം C8H9NO2 ഉള്ള ഈ ഘടകം അമേരിക്കയിലും ജപ്പാനിലും അസറ്റാമിനോഫെൻ (ടൈലനോൾ) എന്നും യൂറോപ്പിലും മറ്റിടങ്ങളിലും പാരസെറ്റമോൾ (പാനഡോൾ) എന്നും വിളിക്കപ്പെടുന്നു.
ആരോഗ്യ അപകടസാധ്യത കുറഞ്ഞതാണെങ്കിലും ഗുണനിലവാര പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തിരിച്ചുവിളിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾ ബാധിച്ച ലോട്ട് നമ്പറുകൾ പരിശോധിച്ച് മരുന്ന് ഉപയോഗിക്കരുതെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നൽകി.













