സര്‍ക്കാര്‍ പണം ഉപയോഗിച്ച് നവകേരള സര്‍വെ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഎമ്മിനെ അനുവദിക്കില്ല; ആര്‍എസ്എസ് ഗണഗീതം പാടാന്‍ കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം: സതീശൻ

സര്‍ക്കാര്‍ പണം ഉപയോഗിച്ച് നവകേരള സര്‍വെ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സിപിഎമ്മിനെ അനുവദിക്കില്ല; ആര്‍എസ്എസ് ഗണഗീതം പാടാന്‍ കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം: സതീശൻ

കൊടുങ്ങല്ലൂര്‍: തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫും രാഷ്ട്രീയ പ്രവര്‍ത്തനവും സ്‌ക്വാഡ് പ്രവര്‍ത്തനവും നടത്താന്‍ നവകേരള സര്‍വെ എന്ന പേരില്‍ സര്‍ക്കാരിന്റെ ചെലവില്‍ സ്‌ക്വാഡ് രൂപീകരിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കുമെന്ന് വി ഡി സതീശൻ. നിങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ നാട്ടുകാരുടെ ചെലവില്‍ സര്‍ക്കാര്‍ പണം ഉപയോഗിച്ച് സര്‍വെ എന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ല. നാട്ടുകാരുടെ നികുതിപ്പണമാണ് ഉപയോഗിക്കുന്നത്. അഞ്ച് നായാപൈസ ഖജനാവില്‍ ഇല്ലാതെ കേരളം കടത്തിന്റെ കാണക്കയത്തിലേക്ക് ആണ്ടുകൊണ്ടിരിക്കുകയാണ്. കടം വാങ്ങി സംസ്ഥാനം മുടിഞ്ഞിരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പേരില്‍ നവകേരള സര്‍വെ എന്ന പേരില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും പാര്‍ട്ടിക്കാരായിരിക്കണമെന്ന് കാട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. അവര്‍ പാര്‍ട്ടിക്കാരെ വച്ച് ചെയ്യട്ടെ. പക്ഷെ അത് സര്‍ക്കാരിന്റെ ചെലവില്‍ നടത്താന്‍ അനുവദിക്കില്ല. നാട്ടുകാരുടെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് നിന്ദ്യമായ പണിയാണ്. അതിന് സി.പി.എമ്മിനെ അനുവദിക്കില്ല. നാട്ടുകാരുടെ ചെലവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍വെ നടത്തിയാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും എതിര്‍ക്കും. സര്‍ക്കാര്‍ നടത്തുന്ന സര്‍വെയില്‍ പാര്‍ട്ടിക്കാരെ ഉപയോഗിക്കണമെന്ന് സി.പി.എം പറയുന്നത് എന്തിനാണ്? സര്‍ക്കാര്‍ സര്‍വെയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് എന്താണ് കാര്യം? എന്തിനാണ് പാര്‍ട്ടിക്കാരെ വച്ച് സര്‍വെ നടത്തണമെന്ന് സര്‍ക്കുലര്‍ അയച്ചത് എന്തിനാണ്. കേരളത്തെ മുഴുവന്‍ നശിപ്പിച്ചിട്ടും വീണ്ടും കയ്യിട്ടു വാരുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

കേരളത്തെ വീണ്ടും വര്‍ഗീയവത്ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു ഔദ്യോഗിക ചടങ്ങല്‍ ആര്‍.എസ്.എസിന്റെ ഗണഗീതം കുട്ടികളെ കൊണ്ട് പാടിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂളിനെതിരെ നടപടി സ്വീകരിക്കണം. കുട്ടികളെ വര്‍ഗീയതയ്ക്ക് ഉപയോഗിക്കാന്‍ തീരുമാനം എടുത്തത് ആരാണ്? ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവത്ക്കരിക്കാന്‍ പാടില്ല. ആര്‍.എസ്.എസിന്റെ ഗണഗീതം വേണമെങ്കില്‍ ആര്‍.എസ്.എസുകാര്‍ പാടട്ടെ. സമ്മര്‍ദ്ദം കൊണ്ടാണ് ആദ്യം എക്‌സില്‍ പോസ്റ്റു ചെയ്ത വീഡിയോ പിന്‍വലിച്ച ശേഷം റെയില്‍വെ വീണ്ടും പോസ്റ്റ് ചെയ്തത്. രാഷ്ട്രീയവത്ക്കരണം നാട്ടുകാരുടെ ചെലവില്‍ നടക്കില്ല. ആര്‍.എസ്.എസ് ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നത്? ഗണഗീതം പാടിയതും സി.പി.എമ്മിന്റെ സര്‍ക്കാര്‍ ചെലവിലുള്ള സര്‍വെയും ഒരു പോലെയാണ്. രണ്ടിനെയും യു.ഡി.എഫ് എതിര്‍ക്കും. ഒരു കാരണവശാലും അനുവദിക്കാനാകില്ല.

ദൗര്‍ഭാഗ്യകരമായ സംഭവമാണ് അട്ടപ്പാടിയിലുണ്ടായത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മന്ത്രിമാര്‍ അട്ടപ്പാടിയിലേക്ക് പോയി കാണണം. കേരളത്തില്‍ ഒരു ലക്ഷത്തി പതിനാറായിരം ആദിവാസി കുടുംബങ്ങളുണ്ട്. അതില്‍ അതീവദരിദ്രരുടെ പട്ടികയില്‍ 6400 പേര്‍ മാത്രമെയുള്ളൂ. കഷ്ടപ്പാടും പട്ടിണിയും ദുരിതവും അനുഭവിക്കുന്ന നിരവധി പേരുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള വാഹനം പോലും ലഭിക്കില്ല. രണ്ട് കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്നാണ് കുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞത്. അതൊരു യാഥാര്‍ത്ഥ്യമാണ്. അതിനുള്ള സംവിധാനം ഒരുക്കാതെ സര്‍ക്കാര്‍ പുറംമേനി നടിക്കുകയാണ്.

ആരോഗ്യ വകുപ്പില്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നാണ് മന്ത്രി നിരന്തരമായി പറയുന്നത്. സിസ്റ്റം തകര്‍ത്ത മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം. അഞ്ച് വര്‍ഷത്തിനിടെ മന്ത്രി ഉത്തരവിട്ട അന്വേഷണങ്ങളും അതിന്റെ റിപ്പോര്‍ട്ടുകളും ചേര്‍ത്ത് വച്ചാല്‍ വലിയൊരു പുസ്തകമാക്കി മാറ്റാം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ഹാര്‍ട്ട് അറ്റാക്ക് ബാധിച്ച രോഗികളെയാണ് തറയില്‍ കിടത്തുന്നതെന്നാണ് ഡോ. ഹാരിസ് ആരോപിച്ചിരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കുമായി വന്നയാളെ ആറു ദിവസമായി പരിശോധിച്ചിട്ടില്ല. അതാണ് മരണകാരണം. എന്നിട്ടാണ് വാദം ഉന്നയിക്കുന്നത്. മരിച്ച വേണുവിന്റെ ശബ്ദം സന്ദേശം അദ്ദേഹം മരിച്ച ശേഷവും കേരളത്തോട് സംസാരിക്കുകയാണ്. സര്‍ക്കാരിന് എന്താണ് പറയാനുള്ളത്? എല്ലാ സിസ്റ്റത്തിന്റെ കുഴപ്പമാണോ? സിസ്റ്റത്തെ കുഴപ്പത്തിലാക്കിയതും അത് നേരെയാക്കേണ്ടതും ആരാണ്? ഒരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലെന്നാണ് പറയുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്ക് മരുന്ന് വാങ്ങാനുള്ള പണം നല്‍കണ്ടേ? മെഡിക്കല്‍ കോളജില്‍ സര്‍ജറിക്ക് പോകുന്നവര്‍ നൂലും സൂചിയും കത്രികയും വാങ്ങിക്കൊണ്ട് പോകണം. ആരോഗ്യരംഗം തകരാറിലാക്കിയതിന്റെ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്.

Share Email
Top