മുംബൈ: ബോളിവുഡിലെ മുതിർന്ന നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഒക്ടോബർ അവസാന വാരം ശ്വാസംമുട്ടലിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധർമേന്ദ്രയെ 12 ദിവസങ്ങൾക്ക് മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. ഡിസംബർ 8-ന് അദ്ദേഹത്തിന് 90 വയസ് തികയാനിരിക്കെയാണ് അന്ത്യം.
1960-ൽ ‘ദിൽ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമേന്ദ്ര, 1960-കളിൽ ‘അൻപഢ്’, ‘ബന്ദിനി’, ‘അനുപമ’, ‘ആയാ സാവൻ ഝൂം കേ’ തുടങ്ങിയ ചിത്രങ്ങളിൽ സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്താണ് ശ്രദ്ധേയനായത്. തുടർന്ന് ‘ഷോലെ’, ‘ധരം വീർ’, ‘ചുപ്കേ ചുപ്കേ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേൾ’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം നായകനായി തിളങ്ങി.
ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർ അഭിനയിച്ച ‘തേരീ ബാത്തോം മേം ഐസാ ഉൽഝാ ജിയാ’ എന്ന ചിത്രത്തിലാണ് ധർമേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിലെത്തുന്ന ‘ഇക്കിസ്’ ആണ് അദ്ദേഹം അഭിനയിച്ച റിലീസിനായി കാത്തിരിക്കുന്ന അടുത്ത ചിത്രം.













