pulimoottil

വൈഷ്ണ സുരേഷിന് ആശ്വാസം; പേര് വോട്ടർപട്ടികയിൽ തിരികെ ഉൾപ്പെടുത്തി, മത്സരിക്കാൻ തടസ്സമില്ല

വൈഷ്ണ സുരേഷിന് ആശ്വാസം; പേര് വോട്ടർപട്ടികയിൽ തിരികെ ഉൾപ്പെടുത്തി, മത്സരിക്കാൻ തടസ്സമില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്ണ സുരേഷിന് ആശ്വാസം. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിനെ തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന വൈഷ്ണയുടെ പേര് തിരികെ ഉൾപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതോടെ, വൈഷ്ണയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇനി തടസ്സമില്ലാതായി.

വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയ നടപടിക്കെതിരെ വൈഷ്ണ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയത്.

പരാതി നൽകിയ സി.പി.എം. നേതാവ് ധനേഷ് കുമാർ, സ്ഥാനാർഥി വൈഷ്ണ സുരേഷ് എന്നിവരെ വിളിച്ചുവരുത്തി കമ്മീഷൻ വാദങ്ങൾ കേട്ടു.

ഹിയറിങ്ങിന് ശേഷം, വൈഷ്ണയുടെ പേര് മറ്റൊരു വോട്ടർ പട്ടികയിലും ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത പരിഗണിച്ച്, പേര് വെട്ടിയ നടപടി റദ്ദാക്കാനും പട്ടികയിൽ തിരികെ കൂട്ടിച്ചേർക്കാനും കമ്മീഷൻ തീരുമാനമെടുക്കുകയായിരുന്നു.

ഹൈക്കോടതി അടുത്ത ദിവസം കേസ് വീണ്ടും പരിഗണിക്കാൻ ഇരിക്കെയാണ് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള ഈ അനുകൂല തീരുമാനം യു.ഡി.എഫിനും സ്ഥാനാർഥിക്കും ആത്മവിശ്വാസം നൽകിയത്.

സ്ഥാനാർഥിത്വം തുലാസിലായിരുന്നപ്പോഴും തീരുമാനം അനുകൂലമാവുമെന്ന പ്രതീക്ഷയിൽ വൈഷ്ണ സുരേഷ് പ്രചാരണം തുടർന്നിരുന്നു. ഔദ്യോഗികമായി വോട്ടർ പട്ടികയിൽ പേര് തിരികെ വന്നതോടെ വൈഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകും.


Share Email
LATEST excelnclexrn
More Articles
Top