വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തലാക്കുമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാന്‍ വംശജന്‍ അമേരിക്കന്‍ സൈനീകര്‍ക്കു നേരെ നടത്തിയ വെടിവെയ്പില്‍ ഒരാള്‍ കൊല്ല്‌പെട്ടതിനു പിന്നാലെയാണ് ട്രംപ് ശക്തമായ നിലപാടുമായി രംഗത്തു വന്നത്. കൂടാതം പൗരത്വം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുനപരിശോധിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
നിലവിലെ കുടിയേറ്റ നയം കര്‍ശനമായി പുനഃക്രമീകരിക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ‘മൂന്നാം ലോക രാജ്യങ്ങള്‍’ എന്ന് അദ്ദേഹം വിശേഷിപ്പിച്ച രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഗ്രീന്‍ കാര്‍ഡ് പുനഃപരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം.
ജോ ബൈഡന്റെ കാലത്തെ അനധികൃത കുടിയേറ്റങ്ങളിലെല്ലാം നടപടി സ്വീകരിക്കും. ഈ രാജ്യത്തിനു മുതല്‍ക്കൂട്ട് അല്ലാത്തവരേയും രാജ്യത്തെ സ്‌നേഹിക്കാന്‍ കഴിയാത്തവരേയും രാജ്യത്തു നിന്നും നീക്കം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. പൗരത്വമില്ലാത്തവര്‍ക്ക് എല്ലാ ഫെഡറല്‍ ആനുകൂല്യങ്ങളും സബ്സിഡിയും നിര്‍ത്തലാക്കും. ‘ആഭ്യന്തര സമാധാനത്തെ തകര്‍ക്കുന്ന വിദേശ പൗരന്‍മാരെ നാടുകടത്തും. മൂന്നാം ലോകരാജ്യങ്ങള്‍ എന്നു പറഞ്ഞ ട്രംപ് ഏതൊക്കെ രാജ്യങ്ങളെന്നു വ്യക്തമാക്കിയിട്ടില്ല.
Will permanently pause migration from Third World countries: Donald Trump












