കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, തീപിടുത്തത്തിൽ 10 പേർ മരിച്ചു

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം, തീപിടുത്തത്തിൽ 10 പേർ മരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗയിൽ വ്യാഴാഴ്ച പുലർച്ചെ സ്വകാര്യ സ്ലീപ്പർ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ വെന്തുമരിച്ചു. ബംഗളൂരുവിൽ നിന്ന് ഗോകർണ്ണയിലേക്ക് പോവുകയായിരുന്ന ‘സീബേർഡ്’ ട്രാവൽസിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48-ൽ ഹിരിയൂരിനടുത്തുള്ള ഗൊർലത്തു ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ യാത്രക്കാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തം.

നിയന്ത്രണം വിട്ട ട്രക്ക് റോഡ് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വരികയായിരുന്ന ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബസ്സിന് ഉടൻ തന്നെ തീപിടിക്കുകയും നിമിഷങ്ങൾക്കകം ആളിപ്പടരുകയും ചെയ്തു. അപകടത്തിൽ ട്രക്ക് ഡ്രൈവറും മരിച്ചതായാണ് വിവരം. ബസിലുണ്ടായിരുന്ന പലർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Share Email
LATEST
More Articles
Top