തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക 57 സിനിമകൾ. ആധുനിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളും സാമൂഹിക പ്രശ്നങ്ങളും അതിജീവനങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും.
ഫ്രഞ്ച് സംവിധായിക ഹഫ്‌സിയ ഹെർസിയുടെ ക്വിയർ പാം പുരസ്‌കാരം നേടിയ ‘ദി ലിറ്റിൽ സിസ്റ്റർ’ ആണ് ലോക സിനിമ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്വീർ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം, യുവതികളോട് തോന്നുന്ന അഭിലാഷം, അതേ സമയം കുടുംബത്തോട് കാണിക്കേണ്ട വിശ്വസ്ഥത എന്നിവയാണ് സിനിമയുടെ പ്രമേയം. ക്വിയർ പാം, ഡയറക്ടേഴ്സ് ഫോർട്ട്‌നൈറ്റ് ഓഡിയൻസ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട റോബിൻ കാമ്പില്ലോയുടെ ‘എൻസോ’ വർഗ്ഗപരമായ സംഘർഷങ്ങളും ഒരു കൗമാരക്കാരന്റെ വളർച്ചയും മനോഹരമായി ചിത്രീകരിക്കുന്നു.
ക്രിസ്റ്റ്യൻ പെറ്റ്സോൾഡിന്റെ ലിസ്ബൺ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ‘മിറേഴ്‌സ് നമ്പർ 3’ ആകട്ടെ, ആഘാതം, അടുപ്പം, വിശ്വാസം എന്നിവയെ ഒരു പ്രേത കഥയുടെ രൂപത്തിൽ അവതരിപ്പിക്കുന്നു.
ഇറാനിയൻ സംവിധായകൻ അലിറേസ ഖതാമിയുടെ ‘ദി തിങ്‌സ് യു കിൽഡ്’ പുരുഷത്വത്തെയും പിതൃപരമായ അക്രമങ്ങളെയും വിമർശനബുദ്ധിയോടെ സമീപിക്കുമ്പോൾ, ഫെയ്ത് ആകിൻന്റെ ‘ആംറം’ ഒരു രഹസ്യം പുറത്തുവരുന്നതിലൂടെ തകരുന്ന ഒരു കുട്ടിയുടെ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഭൂതകാലത്തെ ത്യാഗത്തിലൂടെ വീണ്ടും ഒന്നിക്കുന്ന പ്രണയിതാക്കളുടെ കഥയാണ് കൈ ഷാങ്ജുൻന്റെ ‘ദി സൺ റൈസസ് ഓൺ അസ് ഓൾ’.
മാഫിയ സംഘങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒന്നിക്കുന്ന രണ്ട് സഹോദരങ്ങളുടെ പോരാട്ടം വിവിയൻ ക്യുവിന്റെ ‘ഗേൾസ് ഓൺ വയർ’ൽ കാണാം.
പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ പോലുള്ള അതിതീവ്രമായ പ്രമേയം കൈകാര്യം ചെയ്യുന്ന ലിൻ റാംസേയുടെ ‘ഡൈ, മൈ ലവ്’ അമ്മമാരുടെ മാനസികാഘാതങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. മാഷ ഷിലിൻസ്കിയുടെ ‘സൗണ്ട് ഓഫ് ഫാളിംഗ്’ അതിക്രമങ്ങൾ തലമുറകളായി എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ട് പരിശോധിക്കുന്നു.
ഒൻഡ്രെജ് പ്രൊവാസ്നിക്ന്റെ ‘ബ്രോക്കൺ വോയിസസ്’, രാഷ്ട്രീയപരമായ അടിച്ചമർത്തലുകൾ വ്യക്തിത്വത്തെയും ചെറുത്തുനിൽപ്പിനെയും എങ്ങനെ തകർക്കുന്നുവെന്ന് ചർച്ച ചെയ്യുന്നു. യുദ്ധത്തിന്റെ ബാഹ്യമായ ആഘാതം ഇമ്മാനുവൽ ഫിങ്കീൽന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റൂം’ യിൽ ദൃശ്യമാകുമ്പോൾ, ലെവിൻ പീറ്റർന്റെ ‘വൈറ്റ് സ്നെയിൽ’ ഒറ്റപ്പെടൽ അംഗീകരിക്കുമ്പോൾ വേണ്ടിവരുന്ന ആന്തരിക പോരാട്ടത്തെ വരച്ചുകാട്ടുന്നു.
അഗ്നിഷ്‌ക ഹോളണ്ടിന്റെ ‘ഫ്രാൻസ്’ എഴുത്തുകാരനായ ഫ്രാൻസ് കാഫ്കയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ്. ഇൽഡികോ എനിയേദിയുടെ ‘സൈലന്റ് ഫ്രണ്ട്’ ഒരു പുരാതന വൃക്ഷത്തെ കേന്ദ്രീകരിച്ച് പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ കവിത തുളുമ്പുന്ന രീതിയിൽ അവതരിപ്പിക്കുന്നു.
ജോർജി എം. ഉങ്കോവ്‌സ്‌കിയുടെ ‘ഡി.ജെ. അഹ്മെത്’, അമേൽ ഗുവേലറ്റിയുടെ ‘വേർ ദി വിൻഡ് കംസ് ഫ്രം’, സെർജി ലോസ്നിറ്റ്‌സയുടെ ‘ടു പ്രോസിക്യൂട്ടർസ്’ തുടങ്ങിയ സിനിമകൾ സാമൂഹിക അരികുവൽക്കരണം, നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം തുടങ്ങിയ ആഗോള വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നു. ലാവ് ഡിയാസിന്റെ ‘മഗല്ലൻ’ 16-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ്-സ്പാനിഷ് കോളനിവൽക്കരണവും ഫെർഡിനാൻഡ് മഗല്ലന്റെ യാത്രയും ചിത്രീകരിക്കുന്നു.
ചിലിയൻ സംവിധായകൻ ജുവാൻ ഒലിയയുടെ ‘ബിറ്റർ ഗോൾഡ്’ ഒരു കൗമാരക്കാരിയുടെ അതിജീവനത്തിനായുള്ള യാത്രയാണ്. റാച്ചുബൂം ബൂൺബഞ്ച്‌ചോക്ന്റെ കാൻസ് ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ‘എ യൂസ്ഫുൾ ഗോസ്റ്റ്’ തായ്‌ലൻഡിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അസാധാരണമായി പ്രതികരിക്കുന്നു. കാർലോസ് കൊൺസെയ്‌സാവോയുടെ പോർച്ചുഗീസ് പരീക്ഷണ ചിത്രം ‘ടൈഗേഴ്സ് ബേ’ ആഫ്രിക്കൻ തീരത്തെ ഒരു പ്രേത ദ്വീപിന്റെ മിത്തും ചരിത്രവുമാണ്. ഇറാനിയൻ സംവിധായകൻ പൗര്യ കകാവന്ദ്ന്റെ ‘ദി ഡോട്ടർ’ ഒരു സാങ്കൽപ്പിക രക്ഷാകർതൃത്വത്തിന്റെ വിചിത്രമായ അനുഭവത്തെ പരിശോധിക്കുന്നു. ഫാബിയൻ സുവാരസ്ന്റെ ക്യൂബൻ ചിത്രം ‘ചെറി’ സ്നേഹം, വിശ്വസ്ഥത, അഭിലാഷം എന്നീ സാർവത്രിക വികാരങ്ങളെ അവതരിപ്പിക്കുന്നു. ജോവാക്കിം ലഫോസ്ന്റെ ‘സിക്സ് ഡേയ്സ് ഇൻ സ്പ്രിംഗ്’ വിവാഹബന്ധം വേർപെടുത്തിയ ഒരു അമ്മയുടെയും അവരുടെ കുട്ടികളുടെയും കഥ പറയുന്നു.പലായനം, അസ്തിത്വ പ്രതിസന്ധി, കുടുംബ ബന്ധങ്ങൾ, കലാപരമായ പോരാട്ടങ്ങൾ, എയ്ഡ്‌സ് പ്രതിസന്ധി തുടങ്ങി ലോകമെമ്പാടുമുള്ള മനുഷ്യാനുഭവങ്ങളുടെ വൈവിധ്യമാർന്ന ക്യാൻവാസാണ് ഈ 57 ചിത്രങ്ങളിലൂടെ ഐഎഫ്എഫ്കെ തുറക്കുന്നത്.













