കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈന് വലിയ ആശ്വാസം പകർന്നു കൊണ്ട്, 2027 വരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി വൻതുക കൈമാറാനുള്ള ധാരണയിൽ യൂറോപ്യൻ യൂണിയൻ. മാസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ് യുക്രൈന് 90 ശതകോടി യൂറോ (ഏകദേശം 105 ശതകോടി ഡോളർ) വായ്പയായി നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. ഇതോടെ രാജ്യത്തെ കാത്തിരുന്ന വലിയൊരു സാമ്പത്തിക ദുരന്തം ഒഴിവായെന്നും യുക്രൈനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അതീവ നിർണ്ണായകമാണെന്നും യുക്രൈൻ പാർലമെന്റ് അംഗവും ധനകാര്യ സമിതി അധ്യക്ഷനുമായ ഡാനിലോ ഹെറ്റ്മാന്റ്‌സെവ് പ്രതികരിച്ചു.
റഷ്യയുടെ മരവിപ്പിക്കപ്പെട്ട ഏകദേശം 250 ശതകോടി ഡോളർ മൂല്യമുള്ള ആസ്തികൾ ഈ ആവശ്യത്തിനായി ഉപയോഗിക്കണമോ എന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയനുള്ളിൽ ദീർഘകാലമായി ചർച്ചകൾ നടന്നിരുന്നു. എന്നാൽ ആ ആസ്തികൾ തൊടാതെ തന്നെ യുക്രൈന് വായ്പ നൽകാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ലഭിക്കുന്ന തുകയിൽ 50 ശതകോടി യൂറോ യുക്രൈന്റെ ബജറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും ബാക്കിയുള്ള തുക ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും വാങ്ങാൻ ഉപയോഗിക്കുമെന്നും സാമ്പത്തിക വിദഗ്ധനായ സെർഹി ഫുർസ വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക സഹായം നിലച്ച സാഹചര്യത്തിൽ, തുടർച്ചയായ രണ്ടാം വർഷവും യൂറോപ്പ് യുക്രൈന്റെ സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും ഏറ്റെടുക്കുന്നത് രാജ്യത്തിന് വലിയ കരുത്താണ് നൽകുന്നത്. യുക്രൈന് വായ്പ നൽകുന്ന കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കിടയിൽ ഒരു ധാരണയിലെത്താൻ കഴിയാതിരുന്നാൽ അത് യൂറോപ്പിന്റെ തന്നെ ബലഹീനതയായി അന്താരാഷ്ട്ര തലത്തിൽ കണക്കാക്കപ്പെടുമായിരുന്നുവെന്നും സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ പുതിയ കരാർ യുക്രൈന്റെ സൈനിക പ്രതിരോധത്തിന് വരും വർഷങ്ങളിൽ വലിയ ഊർജ്ജം പകരുമെന്നാണ് കരുതപ്പെടുന്നത്.













