കൊച്ചി: അന്തരിച്ച മലയാള സിനിമ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ.
ഔദ്യോഗിക പേജിൽ മോഹൻലാൽ കുറിച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെ ന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു.
മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലന മായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…













