വിധിയിൽ അത്ഭുതമില്ലെന്ന് അതിജീവിത, തുറന്നടിച്ച് രൂക്ഷ പ്രതികരണം; കോടതി വിധിക്കെതിരെകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ്

വിധിയിൽ അത്ഭുതമില്ലെന്ന് അതിജീവിത, തുറന്നടിച്ച് രൂക്ഷ പ്രതികരണം;  കോടതി വിധിക്കെതിരെകാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ്

കൊച്ചി: 2017ലെ നടി ആക്രമണ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് അതിജീവിത. വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും എന്നാൽ തനിക്ക് അതിൽ അത്ഭുതമൊന്നുമില്ലെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. നടൻ ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയതോടെ കേസിൽ വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് അതിജീവിതയുടെ പ്രതികരണം. ഈ യാത്രയിലുടനീളം മനുഷ്യത്വമുള്ളവരായി കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അവർ കുറിച്ചു.

നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവാണ് ഈ വിധി നൽകുന്നതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. കേസിൽ തൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും നിഷ്പക്ഷ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം നിരസിക്കപ്പെട്ടതടക്കമുള്ള കാര്യങ്ങൾ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും പോസ്റ്റിൽ പറയുന്നു. പ്രോസിക്യൂട്ടർമാർ തന്നെ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞിരുന്നതായും അവർ ഓർത്തു.

അതേസമയം, ഒന്നാം പ്രതി തൻ്റെ പേഴ്സണൽ ഡ്രൈവറായിരുന്നു എന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നത് ശുദ്ധ നുണയാണെന്ന് അതിജീവിത ആവർത്തിച്ചു. അയാൾക്ക് തന്നോട് യാതൊരു പരിചയവുമില്ലെന്നും വ്യക്തമാക്കി. പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന ആരോപണം തെളിയിക്കാൻ കഴിയാതെ വന്നതോടെ ദിലീപിനെ വെറുതെവിട്ടത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സർക്കാർ ഉടൻ അപ്പീൽ നൽകുമെന്ന് സൂചനയുണ്ട്.

Share Email
LATEST
More Articles
Top