‘പ്രതീക്ഷിച്ച വിധിയല്ല ഇത്’, സംസ്ഥാന സർക്കാർ അപ്പീൽ പോകും, അതിജീവിതക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രിമാർ

‘പ്രതീക്ഷിച്ച വിധിയല്ല ഇത്’, സംസ്ഥാന സർക്കാർ അപ്പീൽ പോകും, അതിജീവിതക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മന്ത്രിമാർ

തിരുവനന്തപുരം: നടി ആക്രമണക്കേസിൽ വിചാരണക്കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ. ഗൂഢാലോചന കുറ്റം ഉൾപ്പെടെ തെളിയിക്കപ്പെട്ടിട്ടും പ്രതീക്ഷിച്ച നീതി അതിജീവിതയ്ക്ക് ലഭിച്ചില്ലെന്ന് നിയമമന്ത്രി പി. രാജീവും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയശേഷം ഉടനെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. “എക്കാലവും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത്. ശക്തമായ അന്വേഷണവും പ്രോസിക്യൂഷനും നടന്നു. എന്നിട്ടും 1512 പേജുള്ള റിപ്പോർട്ടിനും തെളിവുകൾക്കും അനുസൃതമായ വിധിയല്ല വന്നത്” എന്ന് മന്ത്രി പറഞ്ഞു.

ബലാത്സംഗ കുറ്റം തെളിഞ്ഞെങ്കിലും ഗൂഢാലോചനയിൽ പ്രതികൾ കുറ്റവിമുക്തരായതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. ഡിജിറ്റൽ തെളിവുകളും സാക്ഷികളെ തിരിച്ചുവിളിക്കലും സംബന്ധിച്ച് നേരത്തെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു. പ്രതികൾക്ക് ജാമ്യം കിട്ടാതിരിക്കാൻ പ്രഗത്ഭ അഭിഭാഷകരെ വെച്ച് ശ്രമിച്ചുവെന്നും രണ്ട് സർക്കാരുകളുടെ കാലത്തെ ഡിജിപിമാർ വിചാരണയ്ക്ക് ഹാജരായിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു.

“നടിക്ക് പൂർണനീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച വിധിയല്ല ഇത്” എന്ന് മന്ത്രി ആവർത്തിച്ചു. സുപ്രീം കോടതി വരെ കേസ് കൊണ്ടുപോകാനും സർക്കാർ തയാറാണെന്ന സൂചനയും അദ്ദേഹം നൽകി. അതിജീവിതയ്ക്ക് പിന്തുണ തുടരുമെന്ന ഉറപ്പും മന്ത്രി രാജീവ്‌ വീണ്ടും ആവർത്തിച്ചു.

വി ശിവൻകുട്ടി പറഞ്ഞത്

ഒരു പോരാട്ടവും അന്തിമമല്ല..നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ബഹു. നിയമമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്കൊപ്പമാണ് എന്നും സർക്കാർ.

Share Email
LATEST
More Articles
Top