കൊച്ചി : നടിയെ ആക്രമിച്ച കേസിൽ 2017-ൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വിചാരണ നടപടികളിലുടനീളം പ്രതിയായ നടൻ ദിലീപ് തൊണ്ണൂറോളം ഹർജികളാണ് കോടതികളിൽ നൽകിയത്. ഈ ഹർജികൾ പലപ്പോഴും വിചാരണ വൈകിക്കുന്നതിന് കാരണമായി. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ തന്നെ ആരംഭിച്ചത്. ഈ കാലയളവിൽ മാത്രം വിദേശയാത്രയ്ക്ക് അനുമതി, ആക്രമണ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്, കുറ്റപത്രത്തിനൊപ്പമുള്ള മുഴുവൻ രേഖകളും ലഭിക്കണം എന്നാവശ്യപ്പെട്ടത്, മാധ്യമവാർത്തകൾ തടയണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇരുപതിലധികം ഹർജികൾ ദിലീപ് നൽകിയിരുന്നു.
വിചാരണ തുടങ്ങിയതിന് ശേഷവും ദിലീപിന്റെ ഹർജികൾ തുടർന്നു. 2020-ൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഈ ഹർജി പിൻവലിക്കുകയായിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് കോടതി ഉത്തരവിട്ട തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടും ദിലീപ് മേൽക്കോടതികളെ സമീപിച്ചു. കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യഹർജി നൽകി.
തുടരന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചപ്പോൾ അതിന്റെ പകർപ്പ് ആവശ്യപ്പെട്ടും, ഒടുവിൽ തുടരന്വേഷണം തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിച്ചു. ഈ ഹർജിയിലും നടി കക്ഷി ചേർന്ന് ഇടപെടൽ നടത്തിയത് ശ്രദ്ധേയമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപ് സമർപ്പിച്ച ഈ തൊണ്ണൂറോളം ഹർജികൾ കേസിലെ നിയമപോരാട്ടം കൂടുതൽ സങ്കീർണ്ണമാക്കുകയും വിചാരണാ നടപടികൾ പലപ്പോഴും തടസ്സപ്പെടുത്തുകയും ചെയ്തു.













