കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിധി. എട്ടാം പ്രതി ദിലീപിനെ വിചാരണ കോടതി വെറുതേ വിട്ടു . നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത ആറ് പ്രതികൾ കുറ്റക്കാർ എന്നാണ് കോടതി കണ്ടെത്തൽ. പൾസർ സുനി, മാർട്ടിൻ ആന്റണി,ബി. മണികണ്ഠൻ,വി.പി. വിജീഷ്,എച്ച്. സലിം, പ്രദീപ് എന്നിവരാ ണ് കുറ്റക്കാർ. ദിലീപിന് എതിരായ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടില്ല.
എട്ട് വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കും വിചാരണ നടപടികൾക്കും ശേഷമാണ് കേരളത്തെ ഞെട്ടിച്ച ഈ കേസിൽ നിർണ്ണായകമായ വിധി വരുന്നത്.
ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ആണ്. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി.
261 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് 1700 ലധികം രേഖകളാണ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ ദിലീപും പൾസർ സുനിയും ഉൾപ്പെടെ പത്ത് പ്രതികളും കോടതിയിൽ ഹാജരായിരുന്നു.
കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസ്സിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപത്ത്ഓ ടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷമാണ് 2017 ഒക്ടോബർ മൂന്നിന് കേസിലെ എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.













