നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അല്പസമയത്തികം വിധി പറയും. എട്ട് വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കും വിചാരണ നടപടികൾക്കും ശേഷമാണ് കേരളത്തെ ഞെട്ടിച്ച ഈ കേസിൽ നിർണ്ണായകമായ വിധി വരുന്നത്. ഇന്ന് രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. നടൻ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. വിധി പ്രസ്താവിക്കുന്ന ദിവസം എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.
സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി. ക്വട്ടേഷൻ നൽകി നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് കേസ്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ആണ്. വിചാരണ വേളയിൽ 261 സാക്ഷികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ 28 സാക്ഷികൾ കൂറുമാറിയത് കേസിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിൽ വഴിത്തിരിവുണ്ടാക്കുകയും തുടർ അന്വേഷണത്തിന് വഴിയൊരുക്കുകയും ചെയ്തു.
വിധിക്കായി സിനിമാ ലോകവും കേരള സമൂഹവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും കേസ് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീളാൻ സാധ്യതയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രതികളുടെ ജാമ്യം റദ്ദാവുകയും ജയിലിലേക്ക് മാറ്റുകയും ചെയ്യും. തുടർന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനുള്ള വാദങ്ങൾ നടക്കും. നീതി നടപ്പിലാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അതിജീവിതയുടെ അഭിഭാഷകർ.വിധി പ്രസ്താവിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്













