നടിയെ ആക്രമിച്ച കേസ്: നാളെ നിർണായക വിധി; ദിലീപ് അടക്കം പത്ത് പ്രതികൾ

നടിയെ ആക്രമിച്ച കേസ്: നാളെ നിർണായക വിധി; ദിലീപ് അടക്കം പത്ത് പ്രതികൾ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നാളെ കോടതിയുടെ നിർണായക വിധി. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം പത്ത് പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും. മലയാള സിനിമ ലോകത്തെ പിടിച്ചുകുലുക്കിയ ഈ കേസിൽ നീണ്ട വിചാരണകൾക്കും നിയമനടപടികൾക്കും ശേഷമാണ് വിധി പ്രഖ്യാപനം നടക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനി ഉൾപ്പെടെയുള്ളവരാണ് വിചാരണ നേരിട്ട മറ്റ് പ്രതികൾ. സാക്ഷികളുടെ മൊഴികൾ, ഡിജിറ്റൽ തെളിവുകൾ, പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പറയാനൊരുങ്ങുന്നത്. വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കോടതി പരിസരത്ത് ശക്തമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും, അതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് കേസ്. ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്ക് വിധി പ്രതികൂലമാവുകയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും വലിയ ചലനങ്ങളുണ്ടാക്കും. നാളത്തെ കോടതിയുടെ തീർപ്പ് എന്തായിരിക്കും എന്ന ആകാംഷയിലാണ് കേരള സമൂഹം.

Share Email
LATEST
More Articles
Top