തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അനുകൂലമായി വിധി വന്നതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മലക്കം മറിഞ്ഞു. താൻ എന്നും അതിജീവിതക്കൊപ്പമാണ് എന്നും തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിവാദമുണ്ടാക്കിയ പ്രസ്താവനയിൽ അടൂർ പ്രകാശ് വിശദീകരണം നൽകിയത്.
അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുള്ള കെപിസിസിയുടെ നിർദേശപ്രകാരമാണ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന. നേരത്തെ, കോടതി വിധിയിൽ സംതൃപ്തി രേഖപ്പെടുത്തിയ അടൂർ പ്രകാശ്, അപ്പീൽ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ നൽകിയത് ഒരുവശം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിന്റെ വിധി വരുമ്പോൾ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണ്. പ്രോസിക്യൂഷന് വീഴ്ച പറ്റിയെങ്കിൽ സർക്കാർ അത് തിരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാണ് തൻ്റെയും കെപിസിസിയുടേയും അഭിപ്രായം. അപ്പീൽ പോകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കി.













