കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’. “നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു” എന്നാണ് സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ദിലീപിനെ വെറുതെ വിട്ടതിൽ അദ്ദേഹത്തിൻ്റെ ആരാധകർ ആഹ്ലാദം പ്രകടിപ്പിക്കുകയും സിനിമാരംഗത്തെ ചിലർ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വിധിക്കെതിരെ വിമർശനമുയർത്തി നടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ട കോടതിയുടെ വിധി. അതേസമയം, കേസിലെ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഇവരുടെ ശിക്ഷാവിധി ഡിസംബർ 12-ന് പ്രഖ്യാപിക്കും.













